Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൃതദേഹം കാലുകളിലും കഴുത്തിലും ഇഷ്ടികൾ പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ചു ബന്ധിച്ച നിലയിൽ; വൈക്കത്ത് നിന്നും കാണാതായ ഫിഷ് ഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി.

11 Jun 2025 22:32 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ ഫിഷ് ഫാം ഉടമയെ ഫിഷ് ഫാമിന് 100 മീറ്റർ അകലെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി.തോട്ടകം ഫിഷ് വേൾഡ് അക്വാടൂറിസം സെൻ്റർ ഉടമ

ചെമ്മനത്തുകര മുല്ലക്കേരിൽ വിപിൻനായർ(ജോർജ് - 52) ൻ്റെ മൃതദേഹമാണ് കരിയാറിൽ ചാഞ്ഞ് കിടന്ന മരത്തിൽ തങ്ങി നിന്ന നിലയിൽ കണ്ടെത്തിയത്. കാലുകളിലും കഴുത്തിലും ഇഷ്ടികൾ പ്ലാസ്റ്റിക് വള്ളി ഉപയോഗിച്ചു ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോലീസ് വള്ളത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 3 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കേണ്ട സാഹചര്യം വിപിനില്ലെന്നും മരണം കൊലപാതമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിലാണ് ഫിഷ് വേൾഡ് അക്വാടൂറിസം ഫാം. ഞായറാഴ്ച രാത്രി വിപിൻ ഫാമിൽ തങ്ങിയിരുന്നു. മകളെ പഠനസ്ഥലത്തേക്ക് അയ്ക്കാൻ ചേർത്തലയിൽ നിന്നു ട്രയിൻ കയറ്റിവിടാൻ തിങ്കളാഴ്ച രാവിലെ എത്തേണ്ട വിപിനെ കാണാതായതിനെതുടർന്ന് ഭാര്യ അനിലയും മറ്റു ബന്ധുക്കളും ഫാമിലെത്തിയപ്പോൾ വിപിനെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫാമിലെ ഷെഡ്ഡിൽ വിപിൻ കിടന്നിരുന്ന കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലും ഉപയോഗിച്ചിരുന്ന ഫോൺ, ടോർച്ച് എന്നിവ സമീപത്ത് തെറിച്ച് കിടക്കുന്ന നിലയിലും കണ്ടത്. ഫാമിൽ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയമുയർന്നിരുന്നു. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ്കുമാർ, വൈക്കം എസ് എച്ച് ഒ സുഖേഷ്.എസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ അടക്കം പൂർത്തിയാക്കി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ - അനില.

മക്കൾ - അഞ്ജലി,സാറ (ഇരുവരും വിദ്യാർഥികൾ ). നന്നായി നടന്നിരുന്ന ഫാം കോവിഡും പ്രളയവും മൂലം കടുത്ത സാമ്പത്തിക ബാധ്യതയിലാകുകയായിരുന്നു. പണം കിട്ടാനുള്ള ആരെങ്കിലുമാകാം വിപിൻ്റെ തിരോധാനത്തിനു പിന്നിലെന്ന സംശയമാണ് കുടുംബത്തിനുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.സംസ്ക്കാരം നാളെ (ജൂൺ 12 ) വ്യാഴാഴ്ച വൈകിട്ട് 4ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

Follow us on :

More in Related News