Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിംഗിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

21 Sep 2026 17:33 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിംഗിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കമായി. ‘രജതോത്സവം’ എന്ന പേരിൽ റൂവിയിലെ അൽ ഫലാജ് ഗ്രാൻഡ് സ്ഫിയർ ഹാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിൽ കേരളാ വിംഗ് കാൽനൂറ്റാണ്ടായി നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ പറഞ്ഞു. ഭാഷ, സാഹിത്യം, കല, സംസ്കാരം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെ ഒരുപോലെ മുൻനിർത്തി കേരളാ വിംഗ് നടത്തിയ ഇടപെടലുകൾ ഒമാനിലെ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ വിശിഷ്ടാതിഥികളായ നാഷണൽ യൂണിവേഴ്സിറ്റി ചാൻസലർ ഡോ. പി. മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കെ.എം. എന്നിവർ കേരളാ വിംഗിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. മതനിരപേക്ഷ നിലപാടുകളും സാമൂഹിക പ്രതിബദ്ധതയും കേരളാ വിംഗിനെ വ്യത്യസ്തമാക്കുന്നതായി ഡോ. പി. മുഹമ്മദലി അഭിപ്രായപ്പെട്ടു.

കേരളാ വിംഗ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. 2001 മാർച്ച് 29-ന് ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് ഉദ്ഘാടനം നിർവഹിച്ച കേരളാ വിംഗിന്റെ രൂപീകരണവും വളർച്ചയും അദ്ദേഹം അനുസ്മരിച്ചു. സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച മുൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

സ്വാഗത പ്രസംഗത്തിൽ കോ-കൺവീനർ ജഗദീഷ് കീരി, കഴിഞ്ഞ 25 വർഷത്തിനിടെ കേരളാ വിംഗ് സംഘടിപ്പിച്ച കലാ-സാംസ്കാരിക പരിപാടികൾ, സാഹിത്യസദസ്സുകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടത്തിയ വിവിധ പ്രവർത്തനങ്ങൾ എന്നിവ പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിന് പുതിയ ഊർജം പകർന്നതായി പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപകാംഗങ്ങളെയും നിലവിലെ അംഗങ്ങളെയും ഉൾപ്പെടെ പതിനാലുപേരെ മെമന്റോ നൽകി ആദരിച്ചു. മുൻ കൺവീനർ സന്തോഷ് കുമാർ, ലോക കേരളസഭാംഗം വിൽസൺ ജോർജ്, എംബസി പാനൽ അഡ്വക്കേറ്റ് ഗിരീഷ് കുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സുനിത് തെക്കടവൻ നന്ദി പറഞ്ഞു.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളാ വിംഗ് കലാകാരന്മാർ അവതരിപ്പിച്ച ‘രജതകൈരളി’ നൃത്തശില്പം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിന്റെ കലാപാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ സർഗാത്മകതയും സമന്വയിപ്പിച്ച അവതരണം ശ്രദ്ധേയമായി. തുടർന്ന് പ്രശസ്ത ഗായിക അനിത ഷെയ്ക്കും സംഘവും അവതരിപ്പിച്ച ഗാനമേളയും സദസിനെ ആകർഷിച്ചു.

കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം ആഘോഷിക്കുന്നതോടൊപ്പം, കുട്ടികൾക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുക, സാഹിത്യ-സാംസ്കാരിക കൂട്ടായ്മകൾ ശക്തിപ്പെടുത്തുക, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് കേരളാ വിംഗ് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News