Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2026 11:07 IST
Share News :
താനൂര്‍ : മലപ്പുറം ഉണ്യാലില്‍ സി.പി.ഐ (എം) പ്രവര്‍ത്തകന്‍ ജംഷീര്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം സ്വദേശികളായ ചേക്കിന്റെ പുരയ്ക്കല്‍ ഹിദായത്തുള്ള (21), മാമുണ്ണിന്റെ പുരയ്ക്കല്‍ മുഹമ്മദ് ഷിബില്‍ (23), ഊറാന്‍ കടവത്ത് ഷിബില്‍ (25) എന്നിവരാണ് പോലീസിന്റെ വലയിലായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പുതിയകടപ്പുറം ഭാഗത്തു വെച്ചായിരുന്നു സംഭവം. പരപ്പനങ്ങാടിയില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ജംഷീര്‍ ബാബുവിനെ പ്രതികള്‍ കാറില്‍ പിന്തുടരുകയായിരുന്നു. പുതിയകടപ്പുറം കറുകയില്‍ ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉപയോഗിച്ച് ജംഷീര്‍ ബാബുവിന്റെ ബൈക്ക് ശക്തമായി ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ബൈക്കില്‍ നിന്നും തെറിച്ചുവീണ ജംഷീര്‍ ബാബുവിനെ അക്രമിസംഘം മാരകായുധങ്ങളുമായി വളഞ്ഞ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃത്യത്തിനുശേഷം പ്രതികള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷീര്‍ ബാബുവിനെ പ്രദേശവാസികളും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ നിരവധി സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയത്. പ്രതികള്‍ ആക്രമണത്തിനായി ഉപയോഗിച്ച ചുവന്ന കാര്‍ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററിന് സമീപം ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
താനൂര്‍ ഡിവൈ.എസ്.പി സുനില്‍ പുളിക്കന്‍, സി.ഐ യു.കെ. ഷാജഹാന്‍, എസ്.ഐ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.