Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാദാപുരത്ത് തുറന്നുകിടന്ന ഓടയിൽ വീണ് പ്രവാസി യുവാവിന് ഗുരുതര പരിക്ക്; ഏഴ് വാരിയെല്ലുകൾക്ക് പൊട്ടൽ

17 Sep 2026 10:57 IST

NewsDelivery

Share News :

നാദാപുരം: റോഡരികിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ തുറന്നുകിടന്ന ഓടയിൽ വീണ് പ്രവാസി യുവാവിന് ഗുരുതര പരിക്ക്. കണ്ണൂർ പാനൂർ സ്വദേശി നദീർ (29) ആണ് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റതായി വിവരം.

നാദാപുരം–തലശ്ശേരി റോഡിൽ ചേറ്റുവട്ടിയിൽ ബുധനാഴ്ചയാണ് അപകടം. കാറിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെ സമീപത്ത് തുറന്നുകിടന്ന ഓടയിലേക്ക് യുവാവ് വീഴുകയായിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന നദീർ അടുത്തിടെയാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

റോഡരികിലെ ഓട തുറന്നുകിടന്നിട്ടും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡരികിലെ അപകടസാധ്യതയുള്ള ഓടകൾ അടയ്ക്കുകയോ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്യാത്ത അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം.

അപകടം സംഭവിച്ച ശേഷമെങ്കിലും ഇത്തരം തുറന്ന ഓടകൾ കണ്ടെത്തി സുരക്ഷിതമാക്കാനും വീണ്ടും അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Follow us on :

More in Related News