Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ വൈദ്യുതി വിച്ഛേദിച്ചത് രോഗിക്ക് ബുദ്ധിമുട്ടായി;പരിഹരിച്ച് കെ എസ് ഇ.ബി

21 Nov 2025 17:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഓക്‌സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ശ്വാസം നിലനിർത്തുന്ന നിർധനരോഗിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് മൂലം ബുദ്ധിമുട്ടിലായതോടെ പണം അടയ്ക്കാതെ തന്നെ അധികൃതർ 

മണിക്കുറുകൾക്കകം വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകി. തലയോലപ്പറമ്പ് വടയാർ പഴമ്പട്ടിയിൽ അറുപതിൽ വീട്ടിൽ എ.കെ രമേശൻ (52) നാണ് കെ എസ് ഇ ബി അധികൃതരുടെ പെട്ടെന്നുള്ള നടപടി മൂലം ഏറെനേരം പ്രയാസം നേരിട്ടത്. 

സെപ്തംബർ മാസം അടയ്ക്കേണ്ട ബില്ല് അടയ്ക്കാത്തതിനെ തുടർന്ന്

വ്യാഴാഴ്ച രാവിലെ 11 മണിയോടെ തലയോലപ്പറമ്പ് കെഎസ്ഇ ബി ഉദ്യോഗസ്ഥർ എത്തി രമേശൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ രമേശന് 2018 ജൂലൈ മുതൽ ശ്വാസംമുട്ടൽ ആരംഭിച്ചതോടെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഏറെ നാൾ ചികിത്സയിലായിരുന്നു. 2021 ജൂൺ മാസമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണെന്ന് കണ്ടെത്തിയത്. ഇതോടെ ഓക്സിജൻ ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഓക്‌സിജൻ മാസ്ക് ഉപയോഗിച്ച് വലിക്കേണ്ട സ്ഥിതി വന്നതോടെ രമേശന് കൂലിപ്പണിക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി. ഇതിനിടെ രണ്ടുതവണ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ വൈക്കം താലൂക്ക് ആശുപത്രിയിലും ,കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും വെന്റിലേറ്ററിൽ കിടക്കേണ്ടിയുംവന്നു. ശ്വാസം മുട്ടലിനുള്ള കുത്തിവയ്പ്പിനും മരുന്നിനുമായി മാസം മൂവായിരത്തിലധികം രൂപ വേണം.

അതിനിടെയാണ് സെപ്തംബറിൽ വൈദ്യുതിബിൽ എത്തിയത്. ഭാര്യ ഷൈല എഴുപുന്നയിൽ ചെമ്മീൻ നുള്ളുന്ന ജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. എഴുമാന്തുരുത്ത് ഗവ. യുപി സ്‌കൂളിൽ ആറാംക്ലാസിൽ പഠിക്കുന്ന മകളുടെ പഠന ചെലവുകളും തുച്ഛമായ വരുമാനത്തിൽ നിന്നാണ്

കണ്ടെത്തുന്നത്. കുട്ടിയുടെ സ്കൂൾ വാൻ ഫീസ് പോലും അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. തുടർന്ന് തവണകളായി അടയക്കാൻ സാവകാശം ആവശ്യപ്പെടുകയായിരുന്നു.



സെപ്തംബർ മാസം

691 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും 6838 രൂപ ബില്ല് തുകയിൽ നിന്നും 4118 രൂപ ലൈഫ് പ്രൊട്ടക്ഷൻ പ്രകാരം ഇവർക്ക് ഇളവ് നൽകിയെന്നും ഒന്നര മാസം സാവകാശം നൽകിയെങ്കിലും അടക്കാതെ വന്നതോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ് പണം അടയ്ക്കാതെ തന്നെ കൂടുതൽ സാവകാശം നൽകി വൈദ്യുതി ബന്ധം വൈകിട്ട് തന്നെ പുന:സ്ഥാപിച്ച് നൽകിയതെന്ന് തലയോലപ്പറമ്പ് കെ.എസ്. ഇ.ബി

അസി.എൻജിനീയർ റ്റി.എ.അരുൺ പറഞ്ഞു. അതെ സമയം ഇന്ന് രാവിലെ ഇവരുടെ ബില്ല് കുടിശിഖയായ 2720 രൂപ അടച്ച് തീർത്തു.

Follow us on :

More in Related News