Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2026 22:34 IST
Share News :
കടുത്തുരുത്തി: ഭിന്നശേഷിയുള്ളവരെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന ജല വിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ അനുസ്മരിച്ചുകൊണ്ട് സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കര്‍മ്മം പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണം ലക്ഷ്യമിട്ട് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സഹമനുഷ്യരോടുള്ള കരുതലിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഭാഗമാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ റവ. ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതീഷ് കുമാര്‍ പി.എസ്, കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കുട്ടികളെ ആദരിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിന് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് അസ്സി. പ്രൊഫസര്‍ അനില സി. ഈപ്പന്‍ നേതൃത്വം നല്‍കി. അന്ധബധിര വൈകല്യമുള്ളവരുടെയും മറ്റ് ഇതര ഭിന്നശേഷിയുള്ളവരുടെയും അവകാശ സംരക്ഷണത്തോടൊപ്പം ആനുകൂല്യങ്ങളുടെ ലഭ്യമാക്കലിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനത്തിനായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററിലും കടുത്തുരുത്തി പൂഴിക്കോല്‍ മര്‍ത്താ ഭവനിലും അന്ധബധിര റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.