Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൂഫാൻ ദ നാർക്കോട്ടിക് ഹണ്ട്: അതിഥിതൊഴിലാളികളോട് ലഹരിക്കെതിരെ സംവദിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി

28 Jul 2026 19:59 IST

CN Remya

Share News :

കോട്ടയം: ലഹരിക്കെതിരേയുള്ള പോരാട്ടം ഓരോ കുടുംബത്തിൽനിന്നും ആരംഭിക്കണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. തൂഫാൻ ദ നാർക്കോട്ടിക് ഹണ്ട് ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പങ്കെടുത്ത അതിഥിതൊഴിലാളികളോട് മന്ത്രി ഹിന്ദിയിയും ബംഗാളിയിലും സംവദിച്ചു. ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ വാഹകരാവുകയോ ചെയ്യരുത്. ഇവിടെ ജോലി ചെയ്ത് സമ്പാദിക്കുന്ന പണം കുടുംബത്തിനുവേണ്ടി ചെലവഴിക്കണം. ലഹരിക്കെതിരേ നടത്തുന്ന പോരാട്ടത്തിൽ സർക്കാരിനോടോപ്പം ചേർന്ന് പ്രവർത്തിക്കണം- അദ്ദേഹം അവരോട് നിർദേശിച്ചു.

ലഹരിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനൊപ്പം സമൂഹത്തെ ലഹരിക്കെതിരേ ജാഗ്രതയുള്ളവരാക്കാനും തൂഫാൻ ലക്ഷ്യമിടുന്നു. സംസ്ഥാനമൊട്ടാകെ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന ജാഗരൺ റാലികളിലെ വലിയ ജനപങ്കാളിത്തം ലഹരിക്കെതിരേ  സമൂഹം ഒറ്റക്കെട്ടായി ഉണരുന്നതിന്റെ തെളിവാണ്. തൂഫാൻ ഇന്ന് ജനങ്ങളുടെ പദ്ധതിയായി മാറിക്കഴിഞ്ഞു. ഓരോരുത്തരും ഇതിന്റെ സന്ദേശം ഉൾക്കൊണ്ട് ലഹരിവിരുദ്ധ പോരാളികളാകണം- അദ്ദേഹം നിർദേശിച്ചു.

വിശിഷ്ടാതിഥികളെ ലഹരിവിരുദ്ധ പോരാളികളായി പ്രഖ്യാപിച്ച് മന്ത്രി രമേശ് ചെന്നിത്തല ബാഡ്ജ് ധരിപ്പിച്ചു. പായിപ്പാട് കൊച്ചുപള്ളി ഭാഗത്ത് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ജാഗരൺ റാലിയോടെയായായിരുന്നു പരിപാടിയുടെ തുടക്കം. തുറന്ന ജീപ്പിൽ അദ്ദേഹം റാലിയെ അനുഗമിച്ചു. കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സ്റ്റുഡൻറ് പോലീസ്, എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവർക്കൊപ്പം അതിഥി തൊഴിലാളികളും റാലിയിൽ പങ്കെടുത്തു. റാലി പായിപ്പാട് കവലയിലെത്തിയപ്പോൾ ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ യുവദീപ്തി എസ്എംവൈഎം പ്രവർത്തകരും സൺഡേ സ്‌കൂൾ വിദ്യാർഥികളും ലഹരിവിരുദ്ധ സന്ദേശവുമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു.

വിനു ജോബ് കുഴിമണ്ണിൽ എംഎൽഎയുടെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എംഎൽഎമാരായ റോണി കെ. ബേബി, വർഗീസ് മാമ്മൻ, ഡി.ഐ.ജി ജി എച്ച്. യതീഷ് ചന്ദ്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലാലിമ്മ ടോമി, ചങ്ങനാശേരി നഗരസഭാ ചെയർമാൻ ജോമി ജോസഫ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. സുനിലകുമാരി, മോട്ടി മുല്ലശ്ശേരി, സുനിമോൾ ചാക്കോ, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. അഷാദ്, ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, സിറാജുദ്ദീൻ അൽ കാസിം, എ. മനോജ്, ബാലചന്ദ്രൻ തയ്യാട്ട്, സന്തോഷ്, എ.കെ. രഘു, എം.കെ. ജയേഷ്‌കുമാർ, കെ.എ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, പി.എം. കബീർ, നിസാർ കൊച്ചുപറമ്പ് എന്നിവർ സംസാരിച്ചു.

ജില്ലാ പോലീസ്, ചങ്ങനാശേരി പോലീസ് സ്റ്റേഷൻ, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Follow us on :

More in Related News