Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Mar 2026 22:23 IST
Share News :
കോട്ടയം: മമ്മൂട്ടിക്കും തിരുവിഴയ്ക്കും ഡോ. എൻ. രാധാകൃഷ്‌ണനും എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നൽകും. മലയാളത്തിന്റെ മഹാനടൻ പദ്മഭൂഷൺ പി. ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി), പ്രശസ്ത വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ, നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവർക്ക് ഓണററി ഡോക്റ്റേററ് നൽകാനാണ് മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ തീരുമാനിച്ചത്. ഡോ. എൻ. രാധാകൃഷ്ണനു ഡി.എസ്.സി യും മമ്മൂട്ടി, തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡി. ലിറ്റുമാണ് സർവകലാശാല ആസ്ഥാനത്ത് വച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കുക.
ഇന്ത്യൻ സിനിമക്കും പ്രത്യേകിച്ച് മലയാള സിനിമക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചിട്ടുണ്ട്.
ഡോ. എൻ. രാധാകൃഷ്ണൻ കേരളത്തിലെ പ്രശസ്തനായ വാസ്കുലാർ സർജനും വീനസ് രോഗങ്ങളുടെ ചികിത്സയിൽ ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രമുഖ വൈദ്യശാസ്ത്രജ്ഞനുമാണ്. അഞ്ചു ദശാബ്ദത്തിലേറെയായി സെന്റ് തോമസ് ഹോസ്‌പിറ്റൽ, ചെത്തിപ്പുഴയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം വീനസ് രോഗങ്ങൾക്കായി 50,000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തി രോഗികൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. വെയിൻ സംബന്ധമായ രോഗത്തിന്റെ ജനിതക കാരണങ്ങൾ, ക്രോണിക് വെനസ് രോഗങ്ങൾ, കൂടാതെ ഭേദമാകാത്ത മുറിവുകളുടെ ചികിത്സയിൽ പുതിയ രീതികൾ കണ്ടെത്തുന്നതിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ ഗവേഷണ സംഭാവനകളുണ്ട്.
ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തിനു നൽകിയ സംഭാവനകൾക്കാണ് തിരുവിഴ ജയശങ്കറിന് ആദരം. പ്രശസ്ത നാദസ്വരവിദ്വാനായ അദ്ദേഹം ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത തിരുവിഴയിൽ ഒരു അമ്പലവാസി കുടുംബത്തിലാണ് ജനിച്ചത്. 2005 ലെ ഗുരുവായൂർ പുരസ്കാരം, 2007 ലെ സംഗീത സംപൂർണ്ണ പുരസ്കാരം, തമിഴ്നാട് സർക്കാരിൻറെ കലൈമാമണി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം. (2013), ചെമ്പൈ സ്മാരക പുരസ്കാരം (2021) എന്നിവ നേടിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.