Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിലെ പ്രവാസി വ്യവസായികളുമായി സംവദിച്ച് കേരള കായിക വികസന മന്ത്രി ഒ.ജെ. ജനീഷ്

18 Sep 2026 21:44 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ഗുരുധർമ്മ പ്രചരണ സഭ (GDPS)യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ കേരളത്തിന്റെ യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് മസ്കറ്റിലെ പ്രവാസി വ്യവസായികളുമായി സംവദിച്ചു.

അഡ്വ. എം.കെ. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജിഡിപിഎസ് ജനറൽ സെക്രട്ടറി സിജുമോൻ സുകുമാരൻ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ സുരേഷ് തേറമ്പിൽ നന്ദി രേഖപ്പെടുത്തി.

യോഗത്തിൽ സംസാരിച്ച മന്ത്രി ഒ.ജെ. ജനീഷ്, കേരളത്തിലെ കായിക മേഖലയെ ആധുനികവത്കരിക്കുകയും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കായികരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തിനും നിക്ഷേപത്തിനും വലിയ പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു.

"ഓപ്പറേഷൻ കളരി" പദ്ധതിയുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വിവിധ കായിക വികസന പദ്ധതികളിലേക്ക് മസ്കറ്റിലെയും ഒമാനിലെയും പ്രവാസി വ്യവസായികളെ മന്ത്രി സ്വാഗതം ചെയ്തു. കേരളത്തിലെ കായിക അടിസ്ഥാനസൗകര്യ വികസനത്തിനും യുവജനങ്ങളുടെ കായിക മുന്നേറ്റത്തിനും പ്രവാസി സമൂഹത്തിന്റെ സഹകരണം നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മീറ്റിൽ പങ്കെടുത്ത പ്രവാസി വ്യവസായികൾ കേരളത്തിലെ നിക്ഷേപ സാധ്യതകൾ, കായിക വികസന പദ്ധതികൾ, യുവജന സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ മന്ത്രിയുമായി ആശയവിനിമയം നടത്തി. ചടങ്ങ് പ്രവാസി വ്യവസായികൾക്കും കേരള സർക്കാരിനുമിടയിൽ കൂടുതൽ സഹകരണത്തിനുള്ള വേദിയായി മാറി.

Follow us on :

More in Related News