Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി; റെഡ് അലർട്ടിനെ തുടർന്ന് നടപടി

01 Aug 2026 22:50 IST

NewsDelivery

Share News :

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം, തൃശൂർജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച (ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരും.

കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മദ്രസകളും സൺഡേ സ്കൂളുകളും മറ്റ് മതബോധന ക്ലാസുകളും ട്യൂഷൻ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് നിയന്ത്രണമില്ല. ക്വാറികളുടെ പ്രവർത്തനം, വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ ശക്തമായ മഴയും ഓറഞ്ച് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മദ്രസകൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയാണ്.

കോട്ടയം ജില്ലയിൽ റെഡ് അലർട്ടും ജലനിരപ്പ് ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

തൃശൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.

Follow us on :

More in Related News