Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ടുകാരറിയാതെ അർധരാത്രിയിൽ 16കാരിയെയും കൂട്ടി 'ചായ കുടിക്കാൻ' പോയി ലഹരി നൽകിയ കേസിൽ കൂട്ടുകാരിയടക്കം രണ്ടു പേർ കൂടി അറസ്റ്റിൽ

30 Jul 2026 07:28 IST

NewsDelivery

Share News :

മാനന്തവാടി: രക്ഷിതാക്കൾ അറിയാതെ അർധരാത്രിയിൽ 16കാരിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയെന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഇതിനു മുൻപ് തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ (22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 12-നാണ് സംഭവം നടന്നത്. രാത്രി 11 മണിയോടെ ഉറങ്ങാൻ പോയ മകളെ രാത്രി ഒന്നരയോടെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒരു യുവാവ് ഫോണിൽ അറിയിച്ചപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. വീട്ടിലെ അടുക്കള വാതിൽ തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയ കുടുംബം മകളെ കാണുകയായിരുന്നു.

ലഹരിയുടെ മയക്കത്തിൽ നിന്ന് ഉണർന്ന ശേഷം, ഒരു പെൺസുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് തന്നെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതായി അവർ പൊലീസിന് മൊഴി നൽകി. "ചായ കുടിക്കാൻ പോകാം" എന്ന് പറഞ്ഞാണ് പെൺസുഹൃത്ത് തന്നെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും പെൺകുട്ടി പറഞ്ഞതായി വിവരം.

പിന്നീട് മാനന്തവാടി കണിയാരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ അമൽ കൃഷ്ണയ്‌ക്കൊപ്പം കണ്ടെത്തുകയായിരുന്നു. നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

കാലിനും മുഖത്തും ഗുരുതര പരിക്കേറ്റ 16കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.

Follow us on :

More in Related News