Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമം; ഡൽഹി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

26 Jul 2026 18:59 IST

Enlight Media

Share News :

കോഴിക്കോട്: എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഡൽഹി സ്വദേശികളായ രണ്ട് പേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

ഈസ്റ്റ് ഡൽഹി സ്വദേശികളായ ഗൗരവ്, നിതിൻ കുമാർ എന്നിവരെയാണ് ജൂലൈ 22-ന് ഡൽഹിയിലെ ഗാസിപൂരിൽ നിന്ന് ഡൽഹി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

ജൂലൈ 6-ന് പരാതിക്കാരിയെ മൊബൈൽ ഫോണിലും വാട്സ്ആപ്പിലും ബന്ധപ്പെട്ടു, വയനാട് ലോക്സഭാ എംപിയുടെ ഡൽഹി ഓഫീസിലെ ജീവനക്കാരനാണെന്ന് വ്യാജമായി പരിചയപ്പെടുത്തിയ പ്രതികൾ, കേരളത്തിൽ മന്ത്രിസഭാ വികസനം നടക്കാനിരിക്കുകയാണെന്നും മന്ത്രിസ്ഥാനത്തിനായി പരിഗണിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ശ്രമിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയവും സാങ്കേതികവുമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൊബൈൽ നമ്പർ, വാട്സ്ആപ്പ് അക്കൗണ്ട്, ഡിജിറ്റൽ തെളിവുകൾ എന്നിവ വിശകലനം ചെയ്ത ശേഷമാണ് ഡൽഹി പൊലീസിന്റെ സഹകരണത്തോടെ പ്രതികളെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് തട്ടിപ്പിന് ശ്രമിച്ചതെന്നും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടായിരുന്നു നീക്കമെന്നും വ്യക്തമായതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും പൊലീസ് പിടിച്ചെടുത്തു.

പ്രതികളെ ഡൽഹി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡിൽ കേരളത്തിലെത്തിച്ചു. പ്രധാന പ്രതിയായ ഗൗരവിന് മറ്റ് സംസ്ഥാനങ്ങളിലെ സമാന തട്ടിപ്പ് കേസുകളിലും പങ്കുണ്ടെന്ന വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാന രീതിയിൽ നടന്ന തട്ടിപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Follow us on :

More in Related News