Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര എംഡിഎംഎ കേസ്: വിദ്യാർഥികൾ ഇരകളായിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; അധ്യാപികമാരുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ

29 Jul 2026 23:21 IST

NewsDelivery

Share News :

വടകര: ഏറെ ചർച്ചയായ വടകര എംഡിഎംഎ കേസിൽ സ്കൂൾ വിദ്യാർഥികൾ ലഹരിമരുന്ന് ശൃംഖലയുടെ ഇരകളായതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസിൽ മൂന്ന് അധ്യാപികമാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.

കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫും നടത്തിയ വാർത്താസമ്മേളനത്തിലാണ് കേസിലെ അന്വേഷണ പുരോഗതി വിശദീകരിച്ചത്.

അറസ്റ്റിലായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബിആർസിയിൽ നിന്നുള്ള ശമ്പളം ഒഴികെ മറ്റ് വരുമാനമില്ലാത്ത അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്കാണ് വലിയ തുകകൾ എത്തിയതെന്നും, ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അധ്യാപികമാർ ലഹരി ശൃംഖലയിലെ ഇടനിലക്കാരാണോ, അതോ നേരിട്ട് ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നതും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

കേസിൽ അറസ്റ്റിലായ ഡെലിവറി ബോയ് ഒരു കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും, എൻഡിപിഎസ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും പരിഗണിക്കുന്നുണ്ടെന്നും ഡിഐജി അറിയിച്ചു.

കഴിഞ്ഞ ആറുമാസത്തെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നത്. ആദ്യം രണ്ട് ഗ്രാം എംഡിഎംഎ പിടികൂടിയ ചെറിയ കേസായിരുന്നെങ്കിലും, അതിൽ നിന്നാണ് വലിയ ലഹരി ശൃംഖലയിലേക്ക് അന്വേഷണം വ്യാപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ലഹരിവിരുദ്ധ 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി ചെറിയ കേസുകൾ പോലും ഗൗരവമായി അന്വേഷിക്കുന്നതാണ് ഇത്തരം ശൃംഖലകൾ കണ്ടെത്താൻ സഹായകരമായതെന്നും ഡിഐജി പറഞ്ഞു.

ചില പ്രതികൾ വിദേശ ഫോൺ നമ്പറുകളുമായി ബന്ധപ്പെട്ടതായും സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ വിദേശത്തുള്ളവരെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അധ്യാപികമാർ വിദ്യാർഥികൾക്ക് ലഹരിമരുന്ന് നൽകിയെന്ന തരത്തിൽ രക്ഷിതാക്കളിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്.പി. മെറിൻ ജോസഫ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 28-ന് ഓട്ടോറിക്ഷ ഡ്രൈവറായ സഫ്‌വാനിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സ്പെഷൽ എജ്യുക്കേറ്റർമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരെയും, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അന്വേഷണത്തിൽ കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ ₹14 ലക്ഷം, കാവ്യയുടെ അക്കൗണ്ടിൽ ആറുമാസത്തിനിടെ ₹9 ലക്ഷം, നീഷ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. കീർത്തന നടത്തിയിരുന്ന 'ബൺ മസ്ക' വിൽപ്പനയുമായി ലഹരി ഇടപാടുകൾക്ക് ബന്ധമുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Follow us on :

More in Related News