Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദേശ ജോലി വാഗ്ദാനം ചെയ്ത് ₹1.22 ലക്ഷം തട്ടിപ്പ്; പാലക്കാട് സ്വദേശി അറസ്റ്റിൽ

26 Jul 2026 19:06 IST

Enlight Media

Share News :

യു.എ.ഇ പൊലീസ് ഉദ്യോഗസ്ഥനെന്ന് ആൾമാറാട്ടം; വ്യാജ ഓഫർ ലെറ്റർ, വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് അയച്ച് പണം തട്ടി

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിക്കുകയും വ്യാജ രേഖകൾ ഉപയോഗിച്ച് ₹1,22,600 തട്ടിയെടുക്കുകയും ചെയ്ത കേസിൽ പാലക്കാട് സ്വദേശിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് ഒറ്റപ്പാലം തിരുവേഗപ്പുറ സ്വദേശിയായ അയ്യൂബ് ആണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ജൂലൈ 25-ന് പാലക്കാട് ജില്ലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


2026 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പ്രതി പരാതിക്കാരനെ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടു, യു.എ.ഇയിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി പരിചയപ്പെടുത്തി വിദേശ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് സ്വകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ ഓഫർ ലെറ്റർ, യു.എ.ഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റ്, വിമാന ടിക്കറ്റ് എന്നിവ അയച്ചുനൽകി.


വിസയും മറ്റ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചെലവുകളെന്ന പേരിൽ പലതവണയായി പരാതിക്കാരനിൽ നിന്ന് ആകെ ₹1,22,600 കൈപ്പറ്റിയതായാണ് കേസ്.


പരാതിയെ തുടർന്ന് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയവും സാങ്കേതികവുമായ അന്വേഷണത്തിൽ ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.


ചോദ്യം ചെയ്യലിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരന്റെ വിശ്വാസം നേടിയ ശേഷം വ്യാജ രേഖകൾ തയ്യാറാക്കി അയച്ചതും, ലഭിച്ച തുക സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ സ്വീകരിച്ച് ഉപയോഗിച്ചതും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.


പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്.

Follow us on :

More in Related News