Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണിമുടക്ക് പൂർണം: കോട്ടയം നിശ്ചലം

13 Feb 2026 12:01 IST

CN Remya

Share News :

കോട്ടയം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും തൊഴിലാളികളെ അടിമകളാക്കുന്ന കരിനിയമങ്ങൾക്കുമെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ സംഘടിപ്പിച്ച പണിമുടക്കിൽ കോട്ടയം ജില്ല നിശ്ചലമായി. ബുധനാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്കിൽ തൊഴിലാളികൾക്കൊപ്പം കർഷകരും കേന്ദ്ര, -സംസ്ഥാന, ബാങ്ക്, ഇൻഷുറൻസ് മേഖലയിലെ ജീവനക്കാരും ബഹുജനങ്ങളും കണ്ണിചേർന്നു. തൊഴിലെടുക്കുന്ന സ്ഥാപനത്തിൽ സംഘടിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതിനെതിരെയും ഒരു നോട്ടീസ്‌ പോലുമില്ലാതെ പിരിച്ചുവിടുന്നതിനെതിരെയും പണിമുടക്കിൽ രോഷമുയർന്നു. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കലക്ടറേറ്റിൽ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കി. സ്വകാര്യ ബസ്‌, ഓട്ടോ, ടാക്‌സി തൊഴിലാളികൾ പൂർണമായി പണിമുടക്കി. മഹാത്മഗാന്ധി സർവകലാശാലയിൽ പണിമുടക്ക്‌ പൂർണമായിരുന്നു. എംആർഎഫ്‌, കെപിപിഎൽ, ട്രാവൻകൂർ സിമന്റ്‌സ്‌, കോട്ടയം ടെക്‌സ്‌റ്റൈൽസ്‌ എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കി. 

തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിക്കുന്ന ബിൽ പിൻവലിക്കുക, അങ്കണവാടി, ആശ, ഉച്ചഭക്ഷണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പൊതുമേഖലാ സ്വകാര്യവൽകരണം പിൻവലിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, ഇന്ത്യ–യുഎസ്‌ സ്വന്തന്ത്ര വ്യാപാര കരാറുകളിൽനിന്ന്‌ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്‌.

സംയുക്ത ട്രേഡ്‌ യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര പഴയ മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ്‌ പരിസരത്തുനിന്നാരംഭിച്ച തൊഴിലാളി പ്രകടനം നഗരം ചുറ്റി തിരുനക്കര മൈതാനത്ത്‌ സമാപിച്ചു. പൊതുയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ്‌ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ, ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ, ദേശീയ ജനറൽ ക‍ൗൺസിൽ അംഗം ടി എസ്‌ രഞ്ജു, സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ സുനിൽ തോമസ്‌, പി ജെ വർഗീസ്‌, സി എൻ സത്യനേശൻ, എഐടിയുസി നേതാക്കളായ വി ബി ബിനു, സി കെ ശശിധരൻ, വി കെ സന്തോഷ്‌കുമാർ, എം കെ പ്രഭാകരൻ (കെഎസ്‌കെടിയു), ഷീജ അനിൽ (ജനാധിപത്യ മഹിളാ അസോസിയേഷൻ) ഹരിശങ്കർ (എഐബിഇഎ), അനിൽകുമാർ (എഫ്‌എസ്‌ഇടിഒ), പി കെ ആനന്ദക്കുട്ടൻ (കെടിയുസി എം), രാജീവ്‌ നെല്ലിക്കുന്നേൽ (എച്ച്‌എംഎസ്‌), എം കെ ദിലീപ്‌(ടിയുസിഐ) എന്നിവർ സംസാരിച്ചു. 

ഐഎൻടിയുസി, എസ്‌ടിയു സംഘടനകൾ ഒന്നിച്ച്‌ നഗരത്തിൽ പ്രത്യേകം പ്രകടനം നടത്തി. പണിമുടക്കിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത്‌ മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. ശബരിമല, മാരാമൺ കൺവൻഷൻ തീർഥാടകരെയും മഞ്ഞിനിക്കര തീർഥാടകരെയും പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിരുന്നു.

Follow us on :

More in Related News