Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി കുട്ടികളുടെ സ്വപ്‌പ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

17 Sep 2026 11:39 IST

NewsDelivery

Share News :

ഒരു കെട്ടിടം കൂടി ഉയർന്നതല്ല; കുരുന്നുകളുടെ സ്വപ്നങ്ങൾക്ക് കൂടുതൽ വിശാലമായ ആകാശം

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം, തെറാപ്പി, പരിശീലനം, കലാ-കായിക പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC) പുതിയ അക്കാദമിക് ബ്ലോക്ക് നാടിന് സമർപ്പിച്ചു.

അദീബ്-ഷഫീന ഫൗണ്ടേഷൻ ഏകദേശം ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ചുനൽകിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും സംരംഭകയും റിസ്‌രി ആർട്ട് ഗാലറി സ്ഥാപകയുമായ ഷഫീന യൂസുഫ് അലിയും ചേർന്ന് നിർവഹിച്ചു.

ഓരോ കുട്ടിയുടെയും പ്രയാസങ്ങൾ വ്യത്യസ്തമാണെന്നും അതിനനുസരിച്ചുള്ള പഠനവും പരിശീലനവും അവസരങ്ങളും ലഭിക്കുമ്പോഴാണ് അവരുടെ കഴിവുകൾ പൂർണമായി വികസിപ്പിക്കാനാകുകയെന്നും അദീബ് അഹമ്മദ് പറഞ്ഞു. പുതിയ സൗകര്യങ്ങൾ കുട്ടികളുടെ സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി പെരുവട്ടൂരിലെ നെസ്റ്റ് ക്യാമ്പസിൽ നടന്ന ചടങ്ങ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ‘സാധ്യതകളുടെ പുതിയൊരു ലോകം അവർക്കായി തുറക്കുന്നു’ എന്ന ആശയത്തിലാണ് അക്കാദമിക് ബ്ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്.

ചടങ്ങിനെത്തിയ അദീബ് അഹമ്മദും ഷഫീന യൂസുഫ് അലിയും NIARC-ലെ കുട്ടികളോടൊപ്പം സമയം ചെലവഴിച്ചു. അവരുടെ പഠനം, തെറാപ്പി, പരിശീലനം എന്നിവയെക്കുറിച്ച് അധ്യാപകരോടും തെറാപ്പിസ്റ്റുകളോടും ചോദിച്ചറിഞ്ഞു. കുട്ടികൾ അവതരിപ്പിച്ച വിവിധ കഴിവുകളും ഇരുവരും നേരിൽ കണ്ടു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കൂടുതൽ സമഗ്രമായ ദന്തപരിചരണം ഉറപ്പാക്കുന്നതിനായി ഒരുക്കിയ ഡെന്റൽ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു. സാലിഹ് ബാത്ത പ്രോജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ് സ്വാഗതം പറഞ്ഞു. കെ.പി. അഷ്റഫ്, ടി.കെ. നാസർ എന്നിവർ മുഖ്യാതിഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി.

അഡ്വ. പ്രവീൺ കുമാർ എം.എൽ.എ., കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, കെആർഎസ് എം.ഡി. എം.കെ. സിറാജ്, പാരിസൺ ഗ്രൂപ്പ് ഡയറക്ടർ എൻ.കെ. ഖാലിദ്, എംഐസിസി ഡയറക്ടർ പി.പി. അബ്ദുൽ റഷീദ്, വ്യവസായ പ്രമുഖൻ മുജീബുറഹ്‌മാൻ, പി.ടി. ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News