Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കമ്മത്ത് ലൈനിൽ വൻ സ്വർണ തട്ടിപ്പ്; 950 ഗ്രാം സ്വർണവുമായി ജീവനക്കാരൻ ഒളിവിൽ

30 Jul 2026 13:26 IST

NewsDelivery

Share News :

കോഴിക്കോട്: നഗരത്തിലെ പ്രധാന സ്വർണ വ്യാപാര കേന്ദ്രമായ കമ്മത്ത് ലൈനിൽ വൻ സ്വർണ തട്ടിപ്പ്. പ്രമുഖ സ്ഥാപനമായ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനായ സഫർനാസ് (സെപ്പു) പത്തോളം ജ്വല്ലറികളിൽ നിന്നായി ഏകദേശം 950 ഗ്രാം സ്വർണാഭരണങ്ങൾ കൈപ്പറ്റി ഒളിവിൽ പോയതായി വ്യാപാരികൾ ആരോപിച്ചു. ഏകദേശം ₹1.30 കോടി വിലമതിക്കുന്ന സ്വർണമാണ് നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


കമ്മത്ത് ലൈനിലെ ജ്വല്ലറികൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ആവശ്യമായ ഡിസൈനിലുള്ള ആഭരണങ്ങൾ പരസ്പരം കൈമാറുന്ന പതിവ് മുതലെടുത്താണ് തട്ടിപ്പ് നടന്നതെന്ന് വ്യാപാരികൾ പറയുന്നു.


കഴിഞ്ഞ 12 വർഷമായി നാഷണൽ ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന സഫർനാസിന് മറ്റ് ജ്വല്ലറി ഉടമകളുടെയും ജീവനക്കാരുടെയും വിശ്വാസമുണ്ടായിരുന്നു. ഈ വിശ്വാസം ഉപയോഗപ്പെടുത്തി വെറും ഒരു മണിക്കൂറിനുള്ളിൽ വിവിധ ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ ശേഖരിച്ച ശേഷം ഇയാൾ മുങ്ങിയതായാണ് വിവരം.


സംഭവത്തിൽ ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒളിവിലുള്ള സഫർനാസിനെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പോലീസിനെയോ കമ്മത്ത് ലൈൻ വ്യാപാരിസംഘം ഭാരവാഹികളെയോ അറിയിക്കണമെന്ന് കമ്മത്ത് ലൈൻ പ്രസിഡന്റ് സുനിൽകുമാർ അഭ്യർഥിച്ചു.

Follow us on :

More in Related News