Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ മഞ്ചാടിക്കരി ഭാഗത്തേക്ക് തോടിനു കുറുകെ കടത്തു ചങ്ങാടം ഇടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

17 Nov 2026 05:31 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ പഞ്ചായത്തിലെ ആറാം വാർഡിൽ കൈപ്പുഴമുട്ടിൽ നിന്ന് മഞ്ചാടിക്കരി ഭാഗത്തേക്ക് ഇട്ടിയേക്കാടൻ തോടിനു കുറുകെ കടത്തു ചങ്ങാടം ഇടാനുള്ള പഞ്ചായത്തിൻ്റെ ശ്രമം നാട്ടുകാർ തടഞ്ഞു. കടത്തു ചങ്ങാടമല്ല പാലമാണ് വേണ്ടത് എന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ ചങ്ങാടം ഇടാനുള്ള അധികൃതരുടെ നീക്കം തടഞ്ഞത്.

പ്രതിഷേധം ശക്തതമായതോടെ കടത്തു ചങ്ങാടം ഉദ്ഘാടനം നടത്താനാവാതെ പഞ്ചായത്ത് അധികൃതർ മടങ്ങി. ഇന്നലെ രാവിലെയാണ് കൈപ്പുഴമുട്ടിൽ ചങ്ങാടം ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി അടക്കമുള്ള ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറി പി.അജയകുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് എത്തിയപ്പോഴാണ് പ്രതിഷേധവുമായി മഞ്ചാടിക്കരി നിവാസികൾ എത്തിയത്. പാലം നിർമിക്കാമെന്ന ഉറപ്പ് നൽകിയാലെ കടത്തു ചങ്ങാടത്തിന്റെ പ്രവർത്തനങ്ങളുമായി തങ്ങൾ സഹകരിക്കൂ എന്ന നിലപാടിൽ നാട്ടുകാർ ഉറച്ചു നിന്നു. ഇതോടെ ചങ്ങാടം ഉദ്ഘാടനം മറ്റൊരു ദിവസം നടത്താമെന്ന ധാരണയിൽ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും മടങ്ങി. 40 കുടുംബങ്ങളാണ് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട മഞ്ചാടിക്കരി പ്രദേശത്ത് താമസിക്കുന്നത്.

പടിഞ്ഞാറേ വശത്തു നിന്ന് ഇട്ടിയേക്കാടൻ തോടിന് കുറുകെ പാലം വേണമെന്നാണ് പ്രദേശവാസികൾ പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങളും നടന്നിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പാലത്തിനായി എംഎൽഎ ഫണ്ടിൽനിന്ന് തുക അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. കടത്തു ചങ്ങാടം വന്നാൽ പാലത്തിൻ്റെ സാധ്യത ഇല്ലാതാകുമെന്ന എന്ന ആശങ്കയാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നിൽ.

Follow us on :

More in Related News