Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാടിന്റെ മക്കള്‍ നാട്ടിലെത്തി...... കപ്പ് അടിച്ചു മലപ്പുലയ ആട്ടത്തിന് ഒന്നാം സ്ഥാനം: സന്തോഷവുമായി മറയൂര്‍ കുമ്മിട്ടാംകുഴി ഊര് നിവാസികള്‍

30 Nov 2024 19:51 IST

ജേർണലിസ്റ്റ്

Share News :


കഞ്ഞിക്കുഴി: കാടിന്റെ മക്കള്‍ നാട്ടിലെത്തി ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് മറയൂര്‍ കുമ്മിട്ടാംകുഴി ഊര് നിവാസികള്‍. അത് തങ്ങളുടെ തനത് കലാരൂപം അവതരിപ്പിച്ചായപ്പോള്‍ സന്തോഷം ഇരട്ടിച്ചു. എന്തായാലും അതിന് പിന്നിലൊരു കഥയുണ്ട്. കലോത്സവത്തില്‍ ആദ്യമായി മലപ്പുലയ ആട്ടം മത്സര ഇനമാക്കിയെന്ന് കേട്ടപ്പോള്‍ കുമാരമംഗലം എന്‍.കെ.എന്‍.എം സ്‌കൂളിലെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കണമെന്ന് ഒരാഗ്രഹം. പരമ്പാരഗത ആദിവാസി കലാരൂപമായതിനാല്‍ ഇതെങ്ങനെ പഠിക്കും എന്ന അന്വേഷണം ചെന്നെത്തിയത് മറയൂരിലെ കുമ്മിട്ടാംകുഴി ഊരിലാണ്. അങ്ങനെയാണ് തലമറുകളായി മലപ്പുലയ ആട്ടം അഭ്യസിക്കുന്ന ഹില്‍ പുലയ വിഭാഗത്തില്‍പ്പെട്ട കൃഷ്ണ കുമാര്‍, ഉദയ വേല്‍, പ്രശാന്ത് രാജ ഗോപാല്‍ എന്നിവരെ കണ്ടെത്തി പരിശീലകരാക്കിയത്. ഇവരെത്തി വിദ്യാര്‍ത്ഥികളില്‍ നിന്നും ഡാന്‍സ് ചെയ്യാനുള്ള 10 പേരെയും രണ്ട് പേര് മേളക്കാരെയും കണ്ടെത്തി. മേളത്തിന് സ്ഥിരമായി ഉപയോഗിക്കുന്നചിക്കു വാദ്യം (ചെണ്ട) ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഊരില്‍ നിന്നെത്തിച്ചു. ഒരാഴ്ച്ച നീണ്ട് നിന്ന പരിശീലനം. ടീം പൂര്‍ണമായും സെറ്റായി. തന്നത് ആദിവാസി വിഭാഗങ്ങള്‍ അണിയുന്ന പ്രത്യേക വേഷ ഭൂഷാദികളുമായി വേണം മത്സര ദിനം അരങ്ങിലെത്താന്‍. ഇതിന് കുട്ടികളെ അണിയിച്ചൊരുക്കാനായി ഊരില്‍ നിന്നുള്ള വാണിശ്രീ ജയകുമാര്‍, സരോജ രാജ ഗോപാല്‍ എന്നിവരുമെത്തിയിരുന്നു. എന്തായാലും മത്സരഫലം വന്നപ്പോള്‍ തങ്ങള്‍ പഠിപ്പിച്ച കുട്ടികള്‍ക്ക് ഒന്നാം സമ്മാനം കിട്ടിയപ്പോള്‍ പറഞ്ഞറിയിക്കാത്ത സന്തോഷമായെന്ന് പരിശീലകര്‍ പറഞ്ഞു. ഏപ്രില്‍ മാസം ഊരില്‍ ഒരാഴ്ച്ച നീളുന്ന ഉത്സവം നടക്കും. ഈ ദിവസങ്ങളിലെല്ലാം ചെറിയ കുട്ടികള്‍ മുതല്‍ ഊരിലെ എല്ലാവരും ഒരുമിച്ച് മലപ്പുലയ ആട്ടവുമായി അരങ്ങ് നിറയും. ഇതാണ് ശീലമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.


Follow us on :

More in Related News