Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 23:36 IST
Share News :
നാദാപുരത്തും വണ്ടൂരും പാലായിലും സൂര്യാഘാതം മൂലം പൊള്ളൽ
കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, വ്യാഴാഴ്ച പുലർച്ചെയാണ് മരണം.
വീടിന് പരിസരത്തെ കിണർ നിർമാണത്തിൽ സഹായിച്ചുകൊണ്ടിരിക്കെയാണ് സൂര്യാഘാതമേറ്റത്. തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.
കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്ക്കും സൂര്യാഘാതമേറ്റിട്ടുണ്ട്. വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. അങ്കണവാടിയിൽ ജോലിചെയ്തുകൊണ്ടിരിക്കേയാണ് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സ തേടിയതോടെ ഡോക്ടറാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
മലപ്പുറം വണ്ടൂരിൽ നാലുവയസ്സുകാരി ഇസ ജോണിനും സൂര്യാഘാതമേറ്റിട്ടുണ്ട്. കളിച്ചുകൊണ്ടിരിക്കെയാണ് പൊള്ളലേറ്റത്. നിലവിൽ വണ്ടൂർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇസയുടെ ആരോഗ്യനില തൃപ്തികരമാണ്.
കോട്ടയം പാലായിലും ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാഘാതമേറ്റ് പരിക്കേറ്റു. തടിമില്ലിലെ ജോലിക്കിടെ രണ്ട് കൈകളിലുമാണ് പൊള്ളലേറ്റത്. ഒഡിഷ സ്വദേശിയായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
അതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നത്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസാണ് താപനില.
Follow us on :
More in Related News
Please select your location.