Mon Jun 16, 2025 1:12 AM 1ST

Location  

Sign In

പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

12 Jan 2025 10:13 IST

R mohandas

Share News :

ചാത്തന്നൂർ: സംസ്ഥാന സർക്കാറിന്റെ അടിസ്ഥാന വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ട് പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന സർക്കാർ നയമാണ് ഓരോ കെട്ടിടങ്ങളും നിർമ്മിക്കുന്നതിലൂടെ പാലിക്കപ്പെടുന്നത്. ആധുനിക പഠന രീതികൾ നടപ്പിലാക്കുന്നത് മുതൽ ക്ലാസ് മുറികൾ ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിൽ വരെ അന്തർദേശീയ മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.  


പി.സി വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ, ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തിൽ സുനിൽ, വാർഡ് അംഗം ജി. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ദിനേശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ, ഡി.ഡി.ഇ കെ.ഐ ലാൽ, പ്രധാനാധ്യാപിക എസ്. ഉഷാകുമാരി, പ്രിൻസിപ്പൽ ബി. ബിന്ദു എന്നിവർ സംസാരിച്ചു. 


പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എസ് ജ്യോതീന്ദ്രകുമാർ പ്രോജക്ട് അവതരിപ്പിച്ചു. എം.കോം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ എ. അനുപമ, ആദ്യകാല അധ്യാപകൻ ടി.ഇ ജോസഫ്, റിട്ട. എസ്.ഐ ജി. ഡാനിയേൽ, കരാറുകാരൻ അഖിൽ സി. സുനിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും വികസന സമിതി അംഗങ്ങളും ചേർന്നുള്ള ‘നിറക്കൂട്ട് 2025’ കലാവിരുന്നും അരങ്ങേറി.

Follow us on :

More in Related News