Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2026 12:49 IST
Share News :
കോഴിക്കോട്: സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സി.പി.ഐ.(എം) വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ് 1937ൽ രൂപീകരിച്ച ചരിത്രഭൂമിയായ കോഴിക്കോട്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ മറ്റൊരു സുപ്രധാന സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്.
2012ൽ സി.പി.ഐ.(എം) പാർട്ടി കോൺഗ്രസിന് വേദിയായതും കോഴിക്കോടായിരുന്നു. പാർട്ടിയുടെ വിപ്ലവ ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുതിയ ഉണർവിലേക്കും ഉയർച്ചയിലേക്കും നയിക്കുന്നതിനുമുള്ള പ്രധാന ചർച്ചകൾക്ക് വിപുലീകൃത സംസ്ഥാന കമ്മിറ്റി വേദിയാകും.
സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പുറമെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങിയ വിവിധ വർഗ-ബഹുജന വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ പ്രതിനിധികളും ഉൾപ്പെടെ 300ലേറെ പേർ യോഗത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ നേതൃത്വത്തിൽനിന്ന് ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും പങ്കെടുക്കും.
കോഴിക്കോട്-കണ്ണൂർ റോഡിലെ എ.കെ.ജി. ഓഡിറ്റോറിയത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടക്കുക. സെപ്റ്റംബർ 15ന് വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ബഹുജന റാലിയോടെ പരിപാടികൾ സമാപിക്കും. റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സി.പി.ഐ.(എം) ജനറൽ സെക്രട്ടറി എം.എ. ബേബി, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായി ജില്ലയിലെ 271 ലോക്കൽ കമ്മിറ്റികളിൽ 250 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബ സംഗമങ്ങൾ ഇതിനകം നടന്നു. ഇതിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. ശേഷിക്കുന്ന കുടുംബ സംഗമങ്ങൾ ഇന്നും നാളെയുമായി നടക്കും.
ആഗസ്റ്റ് 29ന് കാരപ്പറമ്പ് സ്കൂൾ ആർട്ട് ഗ്യാലറിയിൽ ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ സെപ്റ്റംബർ 10ന് വൈകിട്ട് മൂന്നിന് കലാകാരന്മാർ, സാഹിത്യകാരന്മാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ സംഗമവും കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്നു.
Follow us on :
Tags:
More in Related News
Please select your location.