Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2026 08:46 IST
Share News :
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി സംഭവത്തിൽ എംഎൽഎ രമ്യ ഹരിദാസിനെതിരെ കൂടുതൽ നടപടിയുണ്ടാകില്ല. എന്നാൽ രമ്യ ഹരിദാസിന്റെ സഹായിയായി പാളയം പ്രദീപ് തുടരുന്നത് ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും.
പ്രദീപിനെതിരെ പാർട്ടി നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. രമ്യ ഹരിദാസ് കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കൂടുതൽ നടപടി ഒഴിവാക്കി സമവായത്തിലേക്ക് നീങ്ങാൻ നേതൃത്വം തീരുമാനിച്ചത്.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെപിസിസി നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
രമ്യയ്‌ക്കൊപ്പം നിരന്തരം മണ്ഡലത്തിലെ കാര്യങ്ങളിൽ പ്രദീപ് ഇടപെടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു പ്രാദേശിക നേതാക്കളുടെ പരാതി. അതേസമയം, സജാദ് വീട്ടിലേക്ക് വിളിച്ചുവരുത്തി തങ്ങളെയും പ്രദീപിനെയും മർദിച്ചെന്നായിരുന്നു രമ്യയുടെയും പ്രദീപിന്റെയും പരാതി. ഇരുവിഭാഗങ്ങളുടെയും പരാതികൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.
നേരത്തെ ആലത്തൂരിൽ പാളയം പ്രദീപ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ആലത്തൂരിലെ രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രദീപിന്റെ ഇടപെടലും കാരണമായെന്ന പരാതിയും പ്രാദേശിക നേതൃത്വത്തിൽനിന്ന് ഉയർന്നിരുന്നു. പ്രദീപ് തന്റെ സ്റ്റാഫാണെന്നായിരുന്നു രമ്യയുടെ വിശദീകരണം. എന്നാൽ നിയമസഭാ രേഖകളിൽ പ്രദീപിന്റെ പേര് സ്റ്റാഫായി ഉൾപ്പെട്ടിട്ടില്ല.
രമ്യയ്ക്ക് മുന്നറിയിപ്പ് നൽകണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലെത്തിയിരുന്നെങ്കിലും എംഎൽഎ എന്ന നിലയിലുള്ള പരിഗണന കൂടി കണക്കിലെടുത്താണ് കൂടുതൽ നടപടി ഒഴിവാക്കുന്നതെന്നാണ് വിവരം. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി പ്രശ്നം ഒത്തുതീർപ്പാക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
Follow us on :
Tags:
More in Related News
Please select your location.