Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ പ്രഥമ ജനറൽ ബോഡി യോഗം ശ്രദ്ധേയമായി

18 Aug 2026 17:48 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ പ്രഥമ ജനറൽ ബോഡി യോഗം റെക്സ് റോഡിലെ ഗാലക്സി ഹാളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന യോഗത്തിൽ അംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

വൈകുന്നേരം 6.30ന് ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജയശങ്കർ പല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വാസുദേവൻ തളിയാർ സ്വാഗതം ആശംസിച്ചു.

അധ്യക്ഷപ്രസംഗത്തിൽ സംഘടനയുടെ ദൗത്യവും ലക്ഷ്യങ്ങളും വിശദീകരിച്ച പ്രസിഡന്റ് ജയശങ്കർ പല്ലിശ്ശേരി, ഇതുവരെ നടപ്പാക്കിയ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തി. ഭാവിയിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിനും സംഘടനയെ മറ്റു പ്രവാസി സംഘടനകൾക്ക് മാതൃകയാക്കുന്നതിനും അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും പിന്തുണയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യാതിഥിയായ ലോക മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ കൈവരിച്ച നേട്ടങ്ങളെയും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെയും അഭിനന്ദിച്ചു. രക്തദാന ക്യാമ്പുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണമെന്നും, സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനയുടെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിലെ മറ്റ് കൂട്ടായ്മകൾക്ക് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ജനറൽ സെക്രട്ടറി വാസുദേവൻ തളിയാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും സംഘടനാ സംവിധാനവും വിശദീകരിച്ചു. അംഗങ്ങളുടെ സഹകരണവും പിന്തുണയും സംഘടനയെ കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ വിഭാഗം കോർഡിനേറ്റർമാരായ നീതു അമ്പാടിയും ബബിത ശ്യാമും ആശംസകൾ നേർന്നു. വനിതകളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനും പുതിയ അംഗങ്ങളെ സംഘടനയുടെ പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമായി ബന്ധിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

ലീഗൽ അഡ്വൈസർ അഡ്വ. പ്രസാദ് സംഘടനയുടെ നിയമപരമായ കാര്യങ്ങളെയും സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. ജനറൽ കൺവീനർ ഷൈജു, സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർഥിച്ചു.

സ്ക്രീനിംഗ് കമ്മിറ്റി കോർഡിനേറ്റർ ഡേവിഡ് കോളന്നൂർ നന്ദി രേഖപ്പെടുത്തി. ജനറൽ ബോഡി അംഗങ്ങളുടെ പരസ്പര പരിചയപ്പെടുത്തലും വിവിധ നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. അംഗങ്ങൾക്കിടയിലെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു.

യോഗാനന്തരം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സാമൂഹിക പ്രതിബദ്ധത, സാംസ്കാരിക പൈതൃക സംരക്ഷണം, ജീവകാരുണ്യ പ്രവർത്തനം, കൂട്ടായ്മയുടെ ശക്തീകരണം എന്നിവ ലക്ഷ്യമാക്കി വരുംകാല പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന പ്രതിജ്ഞയോടെയാണ് തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ പ്രഥമ ജനറൽ ബോഡി യോഗം സമാപിച്ചത്.

Follow us on :

More in Related News