Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 20:11 IST
Share News :
വൈക്കം: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട് നടന്ന പ്രസിദ്ധമായ പകൽപ്പൂരം ഭക്തി സാന്ദ്രമായി. കേരളത്തിലെ തലയെടുപ്പുള്ള 15 ഗജ രാജാക്കന്മാർ പൂരത്തിന് അണിനിരന്നു. ഗുരുവായൂർ ഇന്ദ്രസെൻ തിരുപുരത്തപ്പൻ്റെ തിടമ്പേറ്റി. ഈരാറ്റുപേട്ട അയ്യപ്പൻ, കാഞ്ഞിരക്കാട് ശേഖരൻ എന്നീ ഗജ രാജാക്കൻമാരുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന്റെ തെക്കേ മൈതാനിയിലേക്ക് എഴുന്നള്ളി. മൈതാനിയിൽ ചമയങ്ങൾ അണിഞ്ഞ് പടിഞ്ഞാറ് ദർശനമായി നിന്ന ഗുരുവായൂർ വലിയ വിഷ്ണു. ഗുരുവായൂർ രവികൃഷ്ണൻ, കുളമാക്കിൽ ഗണേശൻ, ഉണ്ണിപ്പിള്ളി ഗണേശൻ, വെളിനല്ലൂർ മണികണ്‌ഠൻ, ഇളങ്കാവ് വിഷ നാരായണൻ, തോട്ടക്കാട് വിനായകൻ, ബാസ്‌റ്റ്യൻ വിനയസുന്ദർ, ആയയിൽ ഗൗരി നന്ദൻ, ഗോവിന്ദൻകുട്ടി, ഊട്ടോളി മഹാദേവൻ എന്നീ ഗജവീരന്മാരുടെ മധ്യത്തിലായി നിലയുറപ്പിച്ചു. വൈകിട്ട് 5ന് എംഎൽഎമാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ.ആശ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് പ്രകാശൻ നമ്പൂതിരി പൂരത്തിൻ്റെ ദീപപ്രകാശനം നടത്തി.ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ബി.അജിത്, വൈസ് പ്രസിഡൻ്റ് കെ.ബി മധുസൂദനൻ നായർ, സെക്രട്ടറി എസ്.ശ്രീജിത്ത്, ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പെരുവനം സതീശൻ മാരാരുടെ പ്രമാണിത്വത്തിൽ 100ൽപ്പരം വാദ്യ കലാകാരൻമാർ പൂരത്തിന് മേള വിസ്മയം തീർത്തു. ചെമ്പടയിൽ തുടങ്ങി പാണ്ടിമേളം കൊട്ടിക്കയറിയ ശേഷം പഞ്ചാരി കൊട്ടി രാത്രി 8.15ഓടെയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. താള മേളത്തിനൊപ്പം നൃത്ത ചുവടുകളുമായി പൂര മൈതാനിയിൽ നിറഞ്ഞാടിയ മൈലാട്ടം നയനമനോഹരമായി. വിവിധ വർണങ്ങളിലും, നിലകളിലും തൃശൂർ പൂരത്തിനു സമാനമായ കുടമാറ്റം പൂരത്തിനു വർണ്ണ പ്രൗഢിയേകി.
വിവിധ ജില്ലകളിൽ നിന്നായി ആയിരകണക്കിന് ഭക്തജനങ്ങളും ആനപ്രേമികളുമാണ് പൂരം കാണാൻ ക്ഷേത്ര മൈതാനിയിൽ എത്തിച്ചേർന്നത്. കോടതി വിധിപ്രകാരം ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ സി.ലേഖ, വൈക്കം ഡിവൈഎസ്‌പി സിബിച്ചൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തിയ സ്‌ഥലത്താണ് ഗജവീരന്മാർ നിലയുറപ്പിച്ചത്. കേരളത്തിലെ മുൻനിരക്കാരായ ഗജ രാജാക്കന്മാർ എത്തുന്നത് അറിഞ്ഞ് രാവിലെ മുതൽ ക്ഷേത്രാങ്കണത്തിലേക്ക് ആനപ്രേമികളുടെയും മേളക്കമ്പക്കാരുടെയും പ്രവാഹമായിരുന്നു. ഉത്സവത്തിൻ്റെ സമാപന ദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ വൈകിട്ട് 5.30ന് ആറാട്ടു പുറപ്പാട്, 7ന് ആറാട്ട്, 9.15ന് ആറാട്ട് എതിരേൽപ്പ്. ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ പഞ്ചവാദ്യം. 12ന് ഇറക്കിപ്പൂജ എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.