Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2026 15:31 IST
Share News :
കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിധിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കുക. ദന്തൽ കോളേജിലെ അധ്യാപകരായ ഡോ.റാം ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കുക, നിധിൻ രാജിൻ്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുക, നഷ്ടപരിഹാര തുകയായി അടിയന്തിരമായി 10 കോടി രൂപ കുടുംബത്തിന് നൽകുക, ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തുക, ദന്തൽ കോളേജിൻ്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കുവാൻ രോഹിത് വെമൂല ആക്ട‌് നടപ്പിലാക്കുക, നിധിൻ രാജ് കേസ് അട്ടിമറിക്കുവാൻ ശ്രമം നടത്തിയ കണ്ണൂർ എസ്.പിയെ സർവ്വീസിൽ നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 52 ആദിവാസി ദളിത് സംഘടനകൾ നേതൃത്വം നൽകുന്ന നിധിൻ രാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 28 സംസ്ഥാനത്ത് ഹർത്താൽ നടത്തും. ചില രാഷ്ട്രീയ പാർട്ടികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ 27 വൈകുന്നേരം 6ന് കേരളത്തിലെ 14 ജില്ലകളിലും ആക്ഷൻ കൗൺസിൽ പ്രകടനങ്ങൾ സംഘടിപ്പിക്കും. 28 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ. 14 ജില്ലകളിലും ഹർത്താൽ ഉണ്ടായിരിക്കും.ആശുപത്രി, പത്രം, പാൽ, ആംബുലൻസ്, മാധ്യമങ്ങൾ തുടങ്ങിയവയെയും തൃശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഹർത്താലിൽ നിന്ന് ഒഴിവാക്കി. ശ്രീ.ശുഭാനന്ദ ആശ്രമത്തിലെ തീർത്ഥാടകർക്കും സുഗമമായ യാത്ര ഒരുക്കും. സമാധാനപരമായ ഹർത്താൽ ആണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും പോലീസ് ബോധപൂർവ്വമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു. കേരളത്തിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ഹർത്താൽ ആവും ഇതെന്നും ആദിവാസി ദളിത് സമുദായത്തിലെ സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുക്കുമെന്നും ആക്ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു. കട കമ്പോളങ്ങൾ അടച്ചും ഗതാഗത സർവ്വീസ് നിർത്തിയിട്ടും ഹർത്താലിനോട് പിന്തുണ നൽകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. ഹർത്താലിന് ശേഷം കേസ് അട്ടിമറിക്കുകയോ ലോൺ ആപ്പിന്റെ പേരിൽ പ്രതികളെ രക്ഷപ്പെടുവാൻ അനുവദിക്കുകയോ ചെയ്താൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. കെ.സുരേഷ് ജനറൽ കൺവീനർ സണ്ണി.എം.കപിക്കാട് എന്നിവർ അറിയിച്ചു. ആക്ഷൻ കൗൺസിലിന് വേണ്ടി കെ.കെ.സുരേഷ് (ചെയർമാൻ), രക്ഷാധികാരികളായ എ.കെ.സജീവ്, കെ. അംബുജാക്ഷൻ, പി.ഷണ്മുഖൻ, വൈസ് ചെയർമാൻ അഡ്വ.പി.എ. പ്രസാദ്, ഡോ.അറുമുഖം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.