Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്‌ലിം സ്ത്രീകളുടെ നവോത്ഥാന മുന്നേറ്റങ്ങളെ ഇകഴ്ത്തരുത്: എം ജി എം സംസ്ഥാന സെമിനാർ

22 Sep 2026 11:29 IST

NewsDelivery

Share News :

കോഴിക്കോട്: നവോത്ഥാന നായകരുടെ പ്രവർത്തനഫലമായി കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ നേടിയെടുത്ത വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങളെ ഇകഴ്ത്തുന്ന നിലപാടുകളിൽ നിന്ന് മതപണ്ഡിതർ വിട്ടുനിൽക്കണമെന്ന് മുസ്‌ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് (എം ജി എം) സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മുസ്‌ലിം സ്ത്രീ: മതം, സമൂഹം, നവോത്ഥാനം’ എന്ന വിഷയത്തെ ആസ്പദമാക്കിയ സംസ്ഥാന സെമിനാറിലാണ് ആവശ്യം.

മത, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ ശ്രദ്ധേയമായ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെമിനാർ വിലയിരുത്തി. ആഗോളതലത്തിൽ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ഒരുവശത്ത് അംഗീകരിക്കുകയും മറുവശത്ത് സ്ത്രീകൾ പരസ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശിക്കുകയും ചെയ്യുന്ന സമീപനങ്ങൾ പുതുതലമുറയിൽ പരിഹാസ്യമായി മാറുകയാണെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. ഉപദേശത്തിന്റെ മറവിൽ സ്ത്രീകളുടെ വ്യക്തിത്വത്തെ നിരാകരിക്കുകയും അവരെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും എം ജി എം വ്യക്തമാക്കി. വിശ്വാസത്തിന്റെ പേരിലുള്ള സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ ശക്തമായ ജനജാഗ്രത വേണമെന്നും സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു. മതങ്ങളെ പഠിക്കാനും വിശകലനം ചെയ്യാനും അവസരം ഉണ്ടാകണമെന്നും ക്രിയാത്മകമായ മതനിരൂപണം നടക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. എന്നാൽ മതവിമർശനത്തിന്റെ മറവിൽ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സമൂഹത്തിൽ ഭിന്നതയും ഛിദ്രതയും സൃഷ്ടിക്കുന്ന പ്രവണതകൾക്കെതിരെയും ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ടു. മത, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ മുന്നേറുന്ന പുതുതലമുറയ്ക്ക് ശരിയായ ദിശാബോധം നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും സമൂഹവും കൈകോർക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി സെമിനാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ അരാജകത്വവും അധാർമികതയും വളർത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ അതിനെതിരെ പ്രതിരോധം തീർക്കാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ സംവിധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുടുംബം നന്മകളുടെ സംരക്ഷണ ഭിത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതം പഠിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും സ്ത്രീകൾ കാണിക്കുന്ന താൽപര്യം പ്രശംസനീയമാണെന്നും സ്ത്രീകളുടെ പുരോഗതിക്കും മുന്നേറ്റത്തിനും തടസ്സം നിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എം ജി എം സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. കെ എൻ എം സെക്രട്ടറി അബ്ദുറഹ്മാൻ മദനി പാലത്ത്, എം ജി എം ജനറൽ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ, ആയിഷ ചെറുമുക്ക്, നബീല കുനിയിൽ, ഫിദ അൻവർ, സൗദ ഒളവണ്ണ, സുബൈദ നൗഷാദ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News