Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 21:19 IST
Share News :
കടുത്തുരുത്തി: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ജൂലൈ 3 വ്യാഴം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത്, സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ എന്നിവർ മുഖ്യാതിഥികളാകും.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ സംസ്ഥാന സർക്കാർ അനുവദിച്ച 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റിയുടെ നിർമാണം. ശാസ്ത്ര ഗാലറികൾ, ത്രിമാന പ്രദർശന തീയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവേഷൻ ഹബ് എന്നിവ ഉൾക്കൊള്ളുന്ന സയൻസ് സെന്ററാണ് ഇതിലെ പ്രധാനഭാഗം. പ്ലാനറ്റേറിയം, മോഷൻ സിമുലേറ്റർ, ഓഗ്‌മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി തീയേറ്ററുകൾ, സംഗീത ജലധാര, പ്രകാശ-ശബ്ദ സംയുക്ത പ്രദർശനം, വാന നിരീക്ഷണ സംവിധാനം, പൂന്തോട്ടങ്ങൾ എന്നിവയും സയൻസ് സിറ്റിയിലെ പ്രധാന ആകർഷണങ്ങളാണ്.
പദ്ധതി പ്രദേശത്ത് 47,147 അടി വിസ്തൃതിയിലുള്ള സയൻസ് സെന്റർ കെട്ടിടത്തിൽ ഫൺ സയൻസ്, മറൈൻ ലൈഫ് ആൻഡ് സയൻസ്, എമർജിങ് ടെക്നോളജി എന്നീ ശാസ്ത്ര ഗാലറികളും, ത്രിമാന തീയേറ്റർ, ടെമ്പററി എക്സിബിഷൻ ഏരിയ, ആക്റ്റിവിറ്റി സെന്റർ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, വർക്ക്ഷോപ്പുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സയൻസ് സെന്ററിന് ചുറ്റുമായി സയൻസ് പാർക്ക്, ദിനോസർ എൻക്ലേവ്, വാനനിരീക്ഷണത്തിനു വേണ്ട ടെലിസ്‌കോപ്പ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമേ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ അപൂർവയിനം വന, സുഗന്ധവ്യഞ്ജന, ഫല ഔഷധ ഉദ്യാന സസ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുജനങ്ങൾക്കായി വിപുലമായ ജൈവ വൈവിധ്യ പാർക്ക് സയൻസ് സിറ്റിയിൽ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യാനത്തിന്റെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ചടങ്ങിൽ എം.പിമാരായ ജോസ് കെ. മാണി എം.പി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മോൻസ് ജോസഫ്, സി. കെ. ആശ, നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ഡയറക്ടർ ജനറൽ എ.ഡി. ചൗധരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ഇൻ ചാർജ് പി.എസ്. സുന്ദർലാൽ എന്നിവർ പങ്കെടുക്കും.
Follow us on :
Tags:
Please select your location.