Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2026 10:57 IST
Share News :
കോഴിക്കോട് എൻഐടിയിലെ മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സിലെ സിന്തറ്റിക് ട്രാക്കിൽ നടന്ന മത്സരങ്ങളിൽ 100 മീറ്റർ സ്പ്രിന്റ്, 1500 മീറ്റർ ഓട്ടം, പോൾവോൾട്ട്, ലോങ് ജമ്പ്, ഹൈജംപ്, ജാവലിൻ, ഡിസ്കസ് ത്രോ തുടങ്ങിയ ഇനങ്ങളിൽ താരങ്ങൾ മാറ്റുരച്ചു. വിജയലക്ഷ്യത്തിലേക്കുള്ള കുതിപ്പിനൊപ്പം സൗഹൃദത്തിന്റെയും കായികമനോഭാവത്തിന്റെയും കാഴ്ചകളും മത്സരവേദികളിൽ നിറഞ്ഞു.
കായികമേളയിൽ പങ്കെടുക്കാൻ 14 ജില്ലകളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി പതിനായിരത്തോളം വിദ്യാർഥികളാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ 117.5 പവൻ സ്വർണക്കപ്പിനായുള്ള ജില്ലകളുടെ പോരാട്ടവും ആവേശകരമായി തുടരുകയാണ്.
ജില്ലാതലത്തിൽ 114 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്തും 100.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. 68 പോയിന്റുമായി ആലപ്പുഴ മൂന്നാമതും 59 പോയിന്റുമായി തിരുവനന്തപുരം നാലാമതുമുണ്ട്. 37 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയും മത്സരരംഗത്തുണ്ട്.
സ്കൂൾതലത്തിൽ 35 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്താണ്. വി.എം.എച്ച്.എസ്.എസ് വടവന്നൂരും കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂരും 21 പോയിന്റ് വീതം നേടി തൊട്ടുപിന്നിലുണ്ട്.
പ്രധാന വേദിയായ എൻഐടിക്ക് പുറമെ കോഴിക്കോട്ടെ ഒൻപത് വേദികളിലും വിവിധ കായിക ഇനങ്ങൾ നടന്നു. കൊടിയത്തൂരിൽ സോഫ്റ്റ്ബോൾ, ബേസ്ബോൾ മത്സരങ്ങളും പെരുവയലിൽ നെറ്റ്ബോൾ മത്സരങ്ങളും കുന്ദമംഗലത്ത് വടംവലിയും ദേവഗിരിയിൽ ബാഡ്മിന്റണും അരങ്ങേറി. ചാത്തമംഗലത്ത് യോഗയും സിൽവർ ഹിൽസ്, പ്രസന്റേഷൻ സ്കൂളുകൾ എന്നിവിടങ്ങളിൽ ബാസ്കറ്റ്ബോൾ മത്സരങ്ങളും നടന്നു.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 120 വളണ്ടിയർമാരും 40 ഹരിതകർമസേനാംഗങ്ങളും വേദികളിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. രാവിലെ 6.30 മുതൽ വൈകിട്ട് ആറുവരെയാണ് ഇവരുടെ പ്രവർത്തനം. ഇതുവരെ 1,200 കിലോഗ്രാം അജൈവ മാലിന്യം വേർതിരിച്ച് ശേഖരിച്ചു.
ലോ ആൻഡ് ഓർഡർ കമ്മിറ്റിക്ക് കീഴിൽ വിവിധ ദിവസങ്ങളിലായി ആയിരത്തോളം വളണ്ടിയർമാർ സേവനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെ.എം.ഒ. കൊടുവള്ളി, ആർ.ഇ.സി. ജി.വി.എച്ച്.എസ്.എസ്., റഹ്മാനിയ സ്കൂൾ, മർകസ് സ്കൂൾ, സായി സ്കൂൾ, നായർകുഴി എസ്.പി.സി., എന്റെ മുക്കം തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർഥികളും കൂട്ടായ്മകളും സേവന രംഗത്തുണ്ട്.
ഗ്രൗണ്ട്, ഗേറ്റ്, മീഡിയ, റിസപ്ഷൻ, വെൽഫെയർ തുടങ്ങിയ മേഖലകളിലാണ് ഇവരുടെ സേവനം. വിദ്യാർഥികളുടെ ആരോഗ്യവും സൗകര്യവും പരിഗണിച്ച് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെയുള്ള ഷിഫ്റ്റുകളായാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. ഇൻ, ഔട്ട് രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കായികമേളയുടെ സുരക്ഷയ്ക്കായി പ്രതിദിനം 400-ഓളം പൊലീസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പത്തുവരെയും രണ്ട് ഷിഫ്റ്റുകളായാണ് സുരക്ഷാ ക്രമീകരണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രാവിലെ എട്ടു മുതൽ രാത്രി പത്തുവരെ മേൽനോട്ടം വഹിക്കുന്നു.
എല്ലാ വേദികളിലുമായി 70 അംഗ മെഡിക്കൽ സംഘം പ്രഥമശുശ്രൂഷയും ചികിത്സാ സേവനവും നൽകുന്നുണ്ട്. പ്രധാന വേദിയായ എൻഐടിയിൽ നഴ്സുമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടെ 17 ജീവനക്കാരാണ് സജ്ജമായിട്ടുള്ളത്. നാല് പേരടങ്ങുന്ന സംഘങ്ങളായി രണ്ട് ഷിഫ്റ്റുകളിലാണ് ഇവരുടെ പ്രവർത്തനം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസ് സേവനവും ഗുരുതര പരിക്കുകൾക്ക് പ്രത്യേക ചികിത്സാ നിർദേശങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏഴു ദിവസത്തെ കായികമേളയിലുടനീളം സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീമിന്റെ സേവനവും ലഭ്യമാണ്. രാവിലെ 6.30 മുതൽ മത്സരങ്ങൾ അവസാനിക്കുന്നതുവരെ രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം. സ്പോർട്സ് ആയുർവേദ മെഡിക്കൽ ഓഫീസർമാർ, 14 പാരാമെഡിക്കൽ ജീവനക്കാർ, ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും നാഷണൽ ആയുഷ് മിഷനിൽ നിന്നുമുള്ള 50 മെഡിക്കൽ ഓഫീസർമാർ, 16 പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടക്കം ആകെ 212 അംഗ സംഘമാണ് ആയുർവേദ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.