Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ട്രോക്ക് ചികിത്സയിൽ കോഴിക്കോട് ആസ്റ്റർ മിംസിന് ഐ.എച്ച്.ഡബ്ല്യു. കൗൺസിൽ പുരസ്കാരം

29 Oct 2026 15:03 IST

NewsDelivery

Share News :

കോഴിക്കോട്: സ്ട്രോക്ക് പരിചരണ രംഗത്തെ ചികിത്സാ മികവിനും ആഗോള നിലവാരത്തിലുള്ള രോഗീപരിചരണത്തിനും കോഴിക്കോട് ആസ്റ്റർ മിംസിന് ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ എക്സലൻസ് സ്പെഷ്യാലിറ്റി ഇൻ സ്ട്രോക്ക് കെയർ പുരസ്കാരം ലഭിച്ചു. സ്ട്രോക്ക് ചികിത്സയിൽ സമഗ്രവും കൃത്യതയാർന്നതുമായ പരിചരണം ഉറപ്പാക്കുന്നതിൽ ആശുപത്രി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്റർ അക്രഡിറ്റേഷൻ നേടുന്ന ഇന്ത്യയിലെ ആദ്യ ആശുപത്രിയെന്ന നേട്ടത്തിന് പിന്നാലെയാണ് കോഴിക്കോട് ആസ്റ്റർ മിംസിനെ തേടി ഈ അംഗീകാരമെത്തുന്നത്.

അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംഘം, രക്തക്കട്ടകൾ നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബെക്ടമി ഉൾപ്പെടെയുള്ള ചികിത്സാരീതികൾ എന്നിവയിലൂടെ സ്ട്രോക്ക് ബാധിതർക്ക് അടിയന്തര പരിചരണം ഉറപ്പാക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

സ്ട്രോക്ക് ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗിക്ക് ആദ്യഘട്ടത്തിൽ ലഭിക്കുന്ന കൃത്യമായ ചികിത്സയാണ് ജീവൻ രക്ഷിക്കുന്നതിലും തുടർജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും നിർണായകമാകുന്നതെന്ന് ആസ്റ്റർ മിംസ് ന്യൂറോളജി വിഭാഗം മേധാവി ഡോ. അഷ്റഫ് വി.വി. പറഞ്ഞു. ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ ഇന്റർവെൻഷൻ, എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, റീഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഈ വിഭാഗങ്ങളുടെ ഏകോപിതമായ പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സമഗ്ര ചികിത്സ സാധാരണക്കാർക്കും പ്രാപ്യമാക്കുകയാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യമെന്ന് ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സി.ഇ.ഒ. രമേശ് കുമാർ എസ്. പറഞ്ഞു. കാൽനൂറ്റാണ്ടിന്റെ സേവനപാരമ്പര്യം മുൻനിർത്തി അത്യാധുനിക സാങ്കേതികവിദ്യകളും രോഗീകേന്ദ്രീകൃത ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതിൽ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സി.ഒ.ഒ. ഡോ. ഗോപിനാഥ് മാമ്പള്ളികളം, സി.എം.എസ്. ഡോ. എബ്രഹാം മാമൻ, ഡെപ്യൂട്ടി സി.എം.എസ്. ഡോ. നൗഫൽ ബഷീർ, ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സി.എച്ച്.ആർ.ഒ. ബ്രിജു മോഹൻ, ഡോ. അബ്ദുറഹിമാൻ, ഡോ. മുഹമ്മദ് റഫീഖ് പി.കെ., ഡോ. കെ.ജി. രാമകൃഷ്ണൻ, ഡോ. വിനീത് ചന്ദ്രൻ, ഡോ. മുഹമ്മദ് ആഷിക്, ഡോ. സുജിത്, ഡോ. ശ്രീവിദ്യ, ഡോ. പൂർണിമ നാരായണൻ, സ്ട്രോക്ക് വിഭാഗം നഴ്സ് ബബിത തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ഐ.എച്ച്.ഡബ്ല്യു. കൗൺസിലിന്റെ എക്സലൻസ് സ്പെഷ്യാലിറ്റി ഇൻ സ്ട്രോക്ക് കെയർ പുരസ്കാരം ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സി.ഇ.ഒ. രമേശ് കുമാർ എസിൽനിന്ന് കോഴിക്കോട് ആസ്റ്റർ മിംസ് പ്രതിനിധികൾ ഏറ്റുവാങ്ങുന്നു.

Follow us on :

More in Related News