Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷംസീർ ആരാണെന്ന് വെള്ളാപ്പള്ളി തീരുമാനിക്കേണ്ട; പരാമർശം പ്രതിഷേധാർഹം: എം.വി. ഗോവിന്ദൻ

23 Aug 2026 07:13 IST

NewsDelivery

Share News :

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷംസീറിനെക്കുറിച്ച് ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അത് പ്രതിഷേധാർഹമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“ഷംസീറിനെ വെള്ളാപ്പള്ളി വർഗീയവാദിയാക്കുകയാണല്ലോ” എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ ലീഗിനെയാണ് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ വർഗീയതയുണ്ടോ എന്ന കാര്യം പരിശോധിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഷംസീറിനെ വെള്ളാപ്പള്ളി മുസ്‌ലിം ലീഗുകാരനാക്കുകയാണ് ചെയ്തതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. മുസ്‌ലിം ലീഗ് ചിലപ്പോഴൊക്കെ പ്രത്യേക നിലപാടുകൾ സ്വീകരിക്കാറുണ്ടെങ്കിലും അത് വർഗീയ പട്ടികയിലുള്ള പാർട്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്–ബിജെപി–ഇഡി കൂട്ടുകെട്ടെന്ന് ആരോപണം

കോൺഗ്രസ് ബിജെപിയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) കൂടെ ചേർന്ന് പ്രവർത്തിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. ഈ മൂന്ന് കൂട്ടരുമാണ് ഇഡിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടി. വീണയുമായി ബന്ധപ്പെട്ട ഇഡി കേസിനെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. ബിസിനസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഇടപെടില്ലെന്നും എന്നാൽ ഇതിന്റെ പേരിൽ പാർട്ടി നേതാക്കളെ വേട്ടയാടാൻ ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Follow us on :

More in Related News