Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലരേ മൗനമാ: എസ്. ജാനകി അമ്മയ്ക്ക് ഭവാലയയുടെ സംഗീതാഞ്ജലി

23 Aug 2026 18:31 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകി അമ്മയുടെ സ്മരണയ്ക്കായി ഭവാലയ ആർട്ട് & കൾച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ "മലരേ മൗനമാ" എന്ന പേരിൽ സംഗീതസന്ധ്യ സംഘടിപ്പിച്ചു. ഇന്ത്യയിലും ഒമാനിലും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ 16 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് ഭവാലയ ഈ അനുസ്മരണ പരിപാടി ഒരുക്കിയത്.

പരിപാടിയിൽ ഭവാലയ ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ ആമുഖ പ്രസംഗം നടത്തി. തുടർന്ന് ഗായകരും ഭവാലയ കോർ കമ്മിറ്റി അംഗങ്ങളും ചേർന്ന് എസ്. ജാനകി അമ്മയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു.

ജാനകി അമ്മയുടെ ജനപ്രിയ ഗാനങ്ങളിൽ ഒന്നായ "മലരേ മൗനമാ" എന്ന ഗാനത്തിന്റെ പേരിൽ സംഘടിപ്പിച്ച സംഗീതസന്ധ്യയിൽ സംഗീതാസ്വാദകരുടെയും സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും ശ്രദ്ധേയ സാന്നിധ്യം ഉണ്ടായിരുന്നു.

മസ്‌കറ്റിലെ പ്രമുഖ ഗായകരായ അർച്ചന വിജയകുമാർ, ദീപ്തി രാജേഷ്, ധന്യ കൃഷ്ണദാസ്, സ്മൃതി രാകേഷ്, ഉല്ലാസ് ചെറിയാൻ, ബൈജു സ്വർഗചിത്ര, ശശി നായിക്, ബീന അനിൽകുമാർ, മാലതി ഭാസ്കർ, അശ്വതി, മണികണ്ടൻ എന്നിവർ ജാനകി അമ്മ അനശ്വരമാക്കിയ ഗാനങ്ങൾ ആലപിച്ച് സദസിനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തി.

ഗ്ലോബൽ ഇവന്റ്സ് പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകി. ഒമാൻ യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെയും ഇൻഷുറൻസ് സർവീസ് സെന്ററിന്റെയും പിന്തുണയും പരിപാടിക്ക് ലഭിച്ചു.

സൗണ്ട് എൻജിനീയറിങ് ശ്രീ. സജി നിർവഹിച്ചപ്പോൾ അർച്ചന വിജയകുമാർ മ്യൂസിക്കൽ കോർഡിനേഷനും ഗംഗേഷ് വടക്കേതിൽ ടെക്നിക്കൽ കോർഡിനേഷനും വഹിച്ചു. ഭവാലയ സെക്രട്ടറി അരുൺ മേലേതിലും എക്സിക്യൂട്ടീവ് അംഗം അനിത രാജനും ജനറൽ കോർഡിനേഷന് നേതൃത്വം നൽകി.

പരിപാടി അവതാരക വിദ്യ റാണി മനോഹരമായി നിയന്ത്രിച്ചു. പിന്തുണ നൽകിയ ഗ്ലോബൽ ഇവന്റ്സിന്റെ അതിര ഗിരീഷിനും സംഘാടകർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വിവിധ മാധ്യമപ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

ഭവാലയ എക്സിക്യൂട്ടീവ് അംഗം രാജൻ വി. കോക്കൂരി നന്ദിപ്രസംഗം നടത്തി. കലയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് മികച്ച വേദികൾ ഒരുക്കുന്നതിനും നേതൃത്വം നൽകുന്ന ഭവാലയ ചെയർമാൻ ഡോ. ജെ. രത്നകുമാറിന് അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. തുടർന്ന് നടന്ന സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

Follow us on :

More in Related News