Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2026 20:36 IST
Share News :
തലയോലപ്പറമ്പ്: വരിക്കാംകുന്ന് സിവിൽ സപ്ലൈസ് വിപണന കേന്ദ്രം, വെട്ടിക്കാട്ടുമുക്കിൽ ആൾ താമസം ഇല്ലാത്ത വീട് എന്നിവിടങ്ങളിൽ മോഷണം നടത്തി റിമാൻ്റിലായ പ്രതികളെ തലയോലപ്പറമ്പ് പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.കൊടുങ്ങല്ലൂർ ആലനെല്ലിപ്പറമ്പത്ത് വീട്ടിൽ ബൈജു(29), തൃശൂർ കല്ലൂർ മാമ്പ്രചെമ്പട്ട് വീട്ടിൽ റിയാദ്(26), കൊടുങ്ങല്ലൂർ തക്കരമട വീട്ടിൽ തൻസീർ (28) എന്നിവരെയാണ് ഇന്നലെ വൈകിട്ട് തലയോലപ്പറമ്പ് എസ്ഐ പി.എസ് സുധീരന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊരട്ടി, മുനമ്പം, ചാലക്കുടി, ആലുവ, പൂച്ചാക്കൽ. ഊന്നുകൽ, കരിയിലകുളങ്ങര, എറണാകുളം നോർത്ത്, അങ്കമാലി, ചെങ്ങമനാട്, ആലങ്ങാട്, കുന്നംകുളം, പേരമംഗലം, കോട്ടയ്ക്കൽ, മാള, പുത്തൻകുരിശ്, മൂവാറ്റുപുഴ, കുറുപ്പംപടി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് മൂവരും. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ബൈജു 15 കേസിലും, റിയാദ് 26 കേസിലും, തൻസീർ 24 കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 4ന് രാത്രിയാണ് ഇവർ രണ്ടിടങ്ങളിലും മോഷണം നടത്തിയത്. 5ന് പുലർച്ചെ സിവിൽ സപ്ലൈസിൻ്റെ വിപണന കേന്ദ്രം തുറന്നുകിടക്കുന്നത് നാട്ടുകാർ കണ്ടതോടെയാണ് മോഷണ വിവരം അറിഞ്ഞത്. തലയോലപ്പറമ്പ് പോലീസ് എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു മടങ്ങി. താഴ് തകർത്ത് അകത്തുകയറിയ മോഷ്‌ടാക്കൾ അകത്തെ ചില്ല് പൊട്ടിച്ച് ഉള്ളിൽ കടക്കാൻ ശ്രമം നടത്തിയെങ്കിലും സാധനങ്ങൾ വച്ചിരുന്ന റാക്ക് ഉണ്ടായിരുന്നതിനാൽ ഇവർക്ക് ഉള്ളിൽ പ്രവേശിക്കാൻ സാധിച്ചില്ല. തുടർന്നാണ് വെട്ടിക്കാട്ടുമുക്ക് കോളജിന് സമീപം സെലീന ഷറഫുദ്ദീൻ്റെ വീടിനുള്ളിൽ കയറി മോഷണം നടത്തിയത്. ഈ സമയം വീട്ടുകാർ ശ്രീലങ്കയിൽ വിനോദയാത്രയ്ക്ക് പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. 2 ലാപ്ടോപ്, വൈറ്റ് ഗോൾഡിൻ്റെ ചെയിൻ, കമ്മൽ, വെള്ളി പാദസ്വരം, സ്വർണത്തിൻ്റെ മുത്ത് തുടങ്ങി 5.95 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നും മോഷണം നടത്തിയത്. സംഭവ സ്ഥലത്തുനിന്നും വാതിൽ തുറക്കാൻ ഉപയോഗിച്ച കമ്പി വടിയും പോലീസ് കണ്ടെത്തി. മുളന്തുരുത്തിയിലെ സൂപ്പർ മാർക്കറ്റിലും ഇതേ സംഘമാണ് മോഷണം നടത്തിയത്. ഇതിൻ്റെ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായതും പിന്നീട് റിമാൻ്റിലായതും.
Follow us on :
Tags:
More in Related News
Please select your location.