Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും അതിപുരാതന വിഗ്രഹം കവർന്ന സംഭവം; പ്രതിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

21 Jul 2026 21:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് ഇടവട്ടത്ത് പുരാതന ഇല്ലത്ത് മോഷണം നടത്തിയ സംഭവത്തിൽ റിമാൻ്റിലായ തലയോലപ്പറമ്പ് കിഴക്കേപ്പുറം നടുതുരുത്തേൽ വിഷ്ണു തിലകൻ (30)നെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇല്ലത്തെ ക്ഷേത്രത്തിനുള്ളിൽ പൂജാമുറിയിൽ നിന്നും കവർച്ച നടത്തിയ രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം ഒളിപ്പിച്ചിരുന്ന സ്‌ഥലം വിഷ്‌ണു പോലീസിനു കാട്ടികൊടുത്തു. ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിന് സമീപം മൂന്ന് നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള 4കെട്ടോടു കൂടിയ മുല്ലക്കേരിൽ ശ്രേയസിൻ്റെ ഇല്ലത്ത് കഴിഞ്ഞ 9ന് ഓടിൻ്റെ പാത്രങ്ങളും, വിലമതിക്കാനാവാത്ത അതിപുരാതന പഞ്ചലോഹ വിഗ്രഹവുമാണ് കവർച്ച നടത്തിയത്. അമൂല്യ വിഗ്രഹം ഒഴികെയുള്ള മോഷണ മുതൽ 9ന് തലയോലപ്പറമ്പിലെ ആക്രിക്കയിൽ എത്തിച്ച് വിറ്റിരുന്നു. 10ന് വീണ്ടും ഇതേ വീട്ടിൽ നിന്നും പകൽ ഉരുളിയുമായി പോകുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തപ്പോൾ ഉരുളി ഉപേക്ഷിച്ച് മോഷ്‌ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് മോഷണം നടത്തിയ വിവരം പുറത്ത് അറിയുന്നത്. ശ്രേയസും കുടുംബവും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലുമായാണ് താമസിച്ചിരുന്നത്. ഒളിവിൽ പോയ പ്രതി വിഷ്‌ണു തിലകൻ ശനിയാഴ്‌ച വൈകിട്ട് വൈക്കം കോടതിയിൽ കീഴടങ്ങിയിരുന്നു. തുടർന്ന് റിമാൻ്റിലായ പ്രതിയെ ഇന്നലെ തലയോലപ്പറമ്പ് പോലീസ് കസ്‌റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ ഇടവട്ടം മുല്ലക്കേരിൽ ഇല്ലത്തും, മോഷണ മുതൽ വിറ്റ ആക്രിക്കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ വീട്ടിൽ ഒന്നിൽ അധികം ദിവസം തങ്ങിയ ശേഷമാണ് ഓടിന്റെ പാത്രങ്ങളും മറ്റും ഇയാൾ കവർച്ച നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇല്ലത്തെ ക്ഷേത്രത്തിലെ മൂലബിംബം പ്രതിയുടെ വീടിനു സമീപമുള്ള ആലങ്കേരി പാടശേഖര നെല്ലുദ്പാദക സംഘത്തിൻ്റെ ഓഫീസിന് പിന്നിലുള്ള കാട് പിടിച്ച തോട്ടിൽ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി ഇട്ടിരുന്നത് പോലീസിനു കാട്ടിക്കൊടുത്തു. ഇതോടെ കവർച്ച നടത്തിയ മുഴുവൻ സാധനങ്ങളും കണ്ടെത്താനായത്‌ തലയോലപ്പറമ്പ് പോലീസിന് അഭിമാനമായി. എസ് ഐ പി.എസ്.സുധീരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഈ മോഷണത്തിനിടെ സമീപ പഞ്ചായത്തായ ചെമ്പ് പഞ്ചായത്തിൽ സമാന രീതിയിൽ മോഷണം നടത്തിയിരുന്നു. ഇതിനു പിന്നിലും ഇയാൾ തന്നെയാണെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ മറ്റ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും വിഷ്ണുവിനെതിരെ അടിപിടി, മോഷണം, പീഡനശ്രമം അടക്കം നിരവധി കേസുകൾ തലയോലപ്പറമ്പ്, വൈക്കം, കടുത്തുരത്തി സ്റ്റേഷനുകളിൽ നിലവിലുള്ളതായും പോലീസ് പറഞ്ഞു.

Follow us on :

More in Related News