Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2026 21:47 IST
Share News :
കടുത്തുരുത്തി: ജനകീയ പ്രതിഷേധം മുഖവിലയ്ക്കെടുക്കാതെ കെആർഎല്ലിലേക്ക് കുടിവെള്ള പൈപ്പിൽ നിന്നും ലൈൻ വലിച്ചതിൽ സിപിഐ എം വെള്ളൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. വെള്ളൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലേയും അഞ്ചാം വാർഡിലേയും വീടുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കേയാണ് ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് വലിച്ചിഴക്കുന്ന നിലയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഈ ജനദ്രോഹ നിലപാട് സ്വീകരിച്ചിട്ടുള്ളത്. കുടിവെള്ള പൈപ്പ് ലൈനിൽ നിന്ന് വ്യാവസായികാവശ്യത്തിന് കണക്ഷൻ നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ നിരന്തരം പരാതികളും പ്രതിഷേധങ്ങളും അറിയിച്ചിട്ടും വെള്ളൂർ ഗ്രാമപഞ്ചായത്ത് ഐകണ്ഠേന പ്രമേയം പാസാക്കി നൽകിയിട്ടും അതൊന്നും ചെവി കൊള്ളാതെയാണ് രാത്രിയുടെ മറവിൽ കെആർഎല്ലിലേക്ക് സർവ്വിസ് ലൈനിൽ നിന്ന് വലിയ വ്യാസമുള്ള പൈപ്പുപയോഗിച്ച് കണക്ഷൻ നൽകിയിരിക്കുന്നത്. പ്രദേശവാസികൾക്ക് ഭാവിയിൽ കുടിവെള്ളം കിട്ടാക്കനിയാക്കുന്ന ഈ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിരവധി വ്യവസായ പദ്ധതികൾക്ക് ആരംഭം കുറിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന
കേരള റബർ ലിമിറ്റെഡിന് ലക്ഷകണക്കിന് ലിറ്റർ വെള്ളം ആവശ്യമായി വരും. ഇത് പമ്പിങ് ലൈനിൽ നിന്ന് നേരിട്ട് നൽകിയാൽ പ്രദേശവാസികളുടെ പരാതിക്കിടയുണ്ടാകില്ല എന്നതാണ് വസ്തുത. ഗാർഹിക ആവശ്യത്തിനുള്ള ലൈനിൽ നിന്ന് കണക്ഷൻ നൽകുമ്പോൾ പ്രദേശത്തെ വീടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ലഭിച്ചിരുന്നത് ഇല്ലാതാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പമ്പിങ്ങ് ലൈനിൽ നിന്ന് നേരിട്ട് വെള്ളം നൽകാമെന്നിരിക്കെ ഗാർഹിക ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം വെള്ളൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ തെറ്റായ നടപടിക്കെതിരെ നടത്തിയ സമരത്തിൽ സിപിഐ എം ലോക്കൽ സെക്രടറി എ കെ രജീഷ്, ഏരിയ കമ്മറ്റി അംഗം വി എൻ ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യുസഫ്, വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, എൽഡിഎഫ് കൺവീനർ ടി വി ബേബി, സിപിഐ എം ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ സി എം രാധാകൃഷ്ണൻ, ടി വി രാജൻ,ആർ നികിതകുമാർ, പി ആർ രതീഷ്കുമാർ, പി എം അമൽ, വി എ ഷാഹിം, പി ആർ ദിലീഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.