Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗത്തിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം ഡോ. ആർ. രാജശ്രീയുടെ ആത്രേയകം എന്ന കൃതിക്ക്

16 Nov 2026 00:53 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം ഈ വർഷത്തെ സമഗ്ര സാഹിത്യ സംഭാവനകൾക്കുള്ള പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരിയും 2026ലെ വയലാർ അവാർഡ് ജേതാവുമായ ഡോ. ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന കൃതിക്ക് പ്രഖ്യാപിച്ചു. റൂവിയിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഓഫീസിൽ നവംബർ 15ന് നടന്ന പത്രസമ്മേളനത്തിൽ വിഭാഗം കൺവീനർ കെ.എ. താജുദ്ദീനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

കേരളപ്പിറവിയോടനുബന്ധിച്ച് മലയാള വിഭാഗം എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന കേരളോത്സവത്തിന്റെ ഭാഗമായി നവംബർ 21ന് നടക്കുന്ന ചടങ്ങിൽ ഡോ. ആർ. രാജശ്രീ പുരസ്‌കാരം ഏറ്റുവാങ്ങും. പുരസ്‌കാര ജേതാവിന്റെ സാന്നിധ്യത്തിൽ നവംബർ 20ന് റൂവിയിലെ ക്ലബ് ഹാളിൽ സാഹിത്യ ചർച്ചയും സംഘടിപ്പിക്കും. മലയാള സാഹിത്യത്തെക്കുറിച്ചും പുരസ്‌കാര ജേതാവിന്റെ കൃതികളെക്കുറിച്ചും സംവദിക്കാൻ പ്രവാസി മലയാളികൾക്ക് ഈ പരിപാടി അവസരമൊരുക്കും.

കേരളപ്പിറവിയുടെ എഴുപതാം വർഷാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കേരളോത്സവം നവംബർ 21ന് വൈകിട്ട് ആറിന് റൂവിയിലെ ഗോൾഡൻ ടുലിപ്പ് ഹെഡിങ്ടൺ ഹോട്ടലിലെ ജബൽ ഖമർ ഹാളിൽ നടക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഒമാനിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബാലകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മലയാള വിഭാഗം സംഘടിപ്പിച്ചുവരുന്ന ‘എന്റെ കേരളം മലയാളം’ പ്രശ്നോത്തരിയുടെ വിജയികളെയും ചടങ്ങിൽ ആദരിക്കും. ഒക്ടോബർ 24ന് ഓൺലൈനായും ഒക്ടോബർ 30ന് ഓഫ്‌ലൈനായും സംഘടിപ്പിച്ച മത്സരത്തിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 472 ടീമുകൾ പങ്കെടുത്തതായി കൺവീനർ അറിയിച്ചു. വിദ്യാർഥികളിൽ മലയാള ഭാഷയോടുള്ള താൽപര്യം വളർത്തുന്നതിനും ഭാഷാ പരിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്. കേരളോത്സവത്തിന്റെ ഭാഗമായി ഹാസ്യകലാരൂപമായ ഓട്ടൻതുള്ളലും അവതരിപ്പിക്കും.

കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള വിഭാഗം സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം നവംബർ 26ന് ബൗഷർ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് ഹാളിൽ നടക്കും. വിവിധ കലാപരിപാടികളോടെയാണ് ഈ വർഷത്തെ ശിശുദിനാഘോഷം സംഘടിപ്പിക്കുന്നത്. നാട്ടിൽ നിന്നെത്തുന്ന കലാകാരൻ പ്രദീപ് പൂലാനി മുഖ്യാതിഥിയായി പങ്കെടുക്കും.

മിമിക്രി, നാടൻപാട്ട്, ചാക്യാർകൂത്ത്, സ്പോട്ട് ഡബ്ബിങ്, സാൻഡ് ആർട്ട് തുടങ്ങി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്ത കലാപരിപാടികൾ പ്രദീപ് പൂലാനി അവതരിപ്പിക്കും. മലയാള വിഭാഗത്തിലെ കുട്ടികളും വിവിധ കലാപരിപാടികളുമായി വേദിയിലെത്തും. ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ സ്പെഷ്യൽ എജ്യുക്കേഷൻ വിഭാഗത്തിലെ കുട്ടികളുടെ കലാപ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കൂടാതെ മലയാള വിഭാഗത്തിലെ അധ്യാപകരെ ചടങ്ങിൽ ആദരിക്കുമെന്നും കൺവീനർ അറിയിച്ചു.

പത്രസമ്മേളനത്തിൽ മലയാള വിഭാഗം കോ-കൺവീനർ രമ്യ ഡെൻസിൽ, ട്രഷറർ അനീഷ് പിള്ള, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടീന ബാബു, സജീമോൻ, വിനോജ് വിൽസൺ, കൃഷ്ണേന്ദു, സതീഷ്‌കുമാർ, സുനിൽകുമാർ കൃഷ്ണൻ നായർ എന്നിവരും മലയാള വിഭാഗത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

സാഹിത്യ പുരസ്‌കാര പ്രഖ്യാപനത്തിനൊപ്പം കേരളോത്സവം, വിദ്യാർഥികൾക്കായുള്ള മലയാളം പ്രശ്നോത്തരി, ശിശുദിനാഘോഷം തുടങ്ങിയ പരിപാടികളിലൂടെ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രചാരണത്തിനായി വിവിധ പ്രവർത്തനങ്ങളാണ് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗം ഈ വർഷവും ഒരുക്കിയിരിക്കുന്നത്.

Follow us on :

More in Related News