Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 22:10 IST
Share News :
മസ്കറ്റ്: പ്രവാസികൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങളും അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗസാധ്യതകൾ നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ പ്രവാസി അസോസിയേഷനും അൽ ഹയാത്ത് ഇന്റർനാഷണൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഹൃദയാരോഗ്യ മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.
വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 8 മണിവരെ നീണ്ടുനിന്ന ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഹൃദയരോഗ സാധ്യതകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനുമായിരുന്നു ക്യാമ്പ് പ്രധാനമായും ലക്ഷ്യമിട്ടത്.
ഡോ. ബാലാജി സുബ്ബരാമൻ, ഡോ. ഗോപകുമാർ, ഡോ. മെഹ്‌സ എന്നിവർ നേതൃത്വം നൽകിയ വിദഗ്ധ മെഡിക്കൽ സംഘം പങ്കെടുത്തവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഇസിജി (ECG), രക്തസമ്മർദ്ദ പരിശോധന, പ്രാഥമിക ഹൃദയാരോഗ്യ വിലയിരുത്തൽ തുടങ്ങിയ സേവനങ്ങൾ നൽകി. പരിശോധനകളിൽ ചിലർക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ പ്രാരംഭ സൂചനകൾ കണ്ടെത്താൻ സാധിച്ചതായും, അവർക്ക് തുടർ വിദഗ്ധ പരിശോധനകളും ചികിത്സയും സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയതായും മെഡിക്കൽ സംഘം അറിയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത പ്രവാസികൾ സംരംഭത്തെ അഭിനന്ദിക്കുകയും, ഇത്തരത്തിലുള്ള ആരോഗ്യ സംരക്ഷണ പദ്ധതികൾ ഭാവിയിലും തുടർന്നും സംഘടിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകി ഒമാൻ പ്രവാസി അസോസിയേഷൻ നടപ്പിലാക്കുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച അൽ ഹയാത്ത് ഇന്റർനാഷണൽ ഹോസ്പിറ്റൽ മാനേജ്മെന്റിനും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പങ്കെടുത്ത എല്ലാ പ്രവാസികൾക്കും ഒമാൻ പ്രവാസി അസോസിയേഷൻ നന്ദി അറിയിച്ചു.
ജനറൽ മാനേജർ അവിനാശ് പ്രസന്നൻ, പ്രസിഡന്റ് വിജി തോമസ് വൈദ്യൻ, രക്ഷാധികാരി രാജേഷ് കുമാർ, സെക്രട്ടറി നൂർദ്ദീൻ, ജസീം കരിക്കോട്, രാജീവ് കൊല്ലായിൽ, സ്വപ്ന രാജീവ്, നിഷ പ്രഭാകരൻ, സിയാദ് മുഹമ്മദ്, സൈമൺ, മുസ്തഫ, കബീർദാസ്, ഷിബു പുല്ലാട്, നിതീഷ് കുമാർ, അൻസാർ, അബ്ദുൽ ഗഫൂർ, മോൻസി വർഗീസ് എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.