Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 20:22 IST
Share News :
ചാവക്കാട്:പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗ വൈകല്യങ്ങളും തടയുന്നതിന് കേരള ഗവൺമെന്റിന്റെ ആക്ഷൻ പ്ലാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അംഗീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കി.വയനാട് സുൽത്താൻ ബത്തേരി സ്‌കൂളിൽ പഠിച്ച് കൊണ്ടിരുന്ന ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് 2019-ൽ മരണപ്പെട്ട സംഭവത്തിൽ അഡ്വ.കുളത്തൂർ ജയ്‌സിങ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാല്പര്യ ഹർജിയിലും കോടതി സ്വമേധയാ എടുത്ത കേസിലും സംയുക്തമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുപാലിച്ചാണ് ഇത് സംബന്ധിച്ച് സർക്കാരിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.പാമ്പ് കടി വിഷബാധ സമയബന്ധിതമായി ചികിത്സ ലഭിക്കേണ്ട രോഗാവസ്ഥയാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫിന്റെ ഉത്തരവിൽ പറയുന്നു.കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥ വ്യതിയാനങ്ങളും അനുസരിച്ചും ഗ്രാമ പ്രദേശങ്ങളിലും വന അതിർത്തികളിലും കാർഷിക ജോലിക്കിടയിലും പാമ്പ് കടിയേൽക്കൽ വർദ്ധിച്ച് വരികയാണ്.കേരള പബ്ലിക് ഹെൽത്ത് ആക്ടിൽ പാമ്പ് കടിയേൽക്കൽ രോഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.പാമ്പ് കടിയേറ്റ് മരണങ്ങളും അംഗ വൈകല്യങ്ങളും 2030 ആകുമ്പോൾ പൂർണ്ണമായി സംസ്ഥാനത്ത് നിർമ്മാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പാമ്പ് കടി വിഷബാധ ഏൽക്കൽ തടയുന്നതിനും നിയന്ത്രിക്കുന്നതിനും മതിയായ ആക്ഷൻ പ്ലാൻ തയ്യാറാക്കി അംഗീകരിച്ച് പുറത്തിറക്കുന്നതെന്ന് ആരോഗ്യ കുടുംബക്ഷേമ (എം) വകുപ്പിന്റെ ഉത്തരവിൽ പരാമർശിക്കുന്നു.അഡ്വ.കുളത്തൂർ ജയ്‌സിങ് ഹൈക്കോടതിയിൽ 2019-ൽ ഫയൽ ചെയ്ത ഹർജിയിൽ 2025-ലാണ് കോടതി ഉത്തരവ് ഉണ്ടായത്.പ്രസ്തുത ഉത്തരവിൽ പാമ്പിൻ വിഷ പ്രതിരോധ മരുന്ന് കേരള സംസ്ഥാനത്ത് തന്നെ വികസിപ്പിച്ചെടുക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും,പാമ്പിൻ കടി വിഷബാധ രോഗമായി കേരള പബ്ലിക് ഹെൽത്ത് ആക്ടിൽ വേഗം ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.സ്‌കൂൾ വിദ്യാർത്ഥികളെ പാമ്പിൻ കടിയേൽക്കലിൽ നിന്ന് രക്ഷിക്കുവാൻ ആവശ്യമായ മാർഗ്ഗ രേഖയും സ്‌കൂൾ കെട്ടിടങ്ങളുടെയും മറ്റും ഉറപ്പും സ്‌കൂളിലെയും പരിസര പ്രദേശങ്ങളിലെ വൃത്തിയും സംബന്ധിച്ച് വിപുലമായ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന സർക്കുലറും പുതിയ സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർദ്ദേശവും പ്രസ്തുത ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സർക്കാർ അടിയന്തിര സ്വഭാവത്തിൽ പുറത്ത് ഇറക്കിയിരുന്നു.
Follow us on :
Tags:
Please select your location.