Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ചുരത്തിൽ ഫയർ ലൈൻ പ്രവർത്തിക്ക് തുടക്കമായി; തുടർ സംരക്ഷണ പ്രവർത്തനങ്ങൾക്ക് റോട്ടറി കാലിക്കറ്റ് നോർത്തിന്റെ കൈത്താങ്ങ്

04 Nov 2026 05:53 IST

NewsDelivery

Share News :

പുതുപ്പാടി: വയനാട് ചുരത്തിലെ കാട്ടുതീ നിയന്ത്രിക്കുന്നതിനും ചുരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിബി ജി റാം ജി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഫയർ ലൈൻ പ്രവർത്തിക്ക് തുടക്കമായി. ചിപ്പിലിത്തോട് മുതൽ ചുരം വ്യൂ പോയിന്റ് വരെ ഫോറസ്റ്റ് അതിർത്തിയിൽ ഫയർ ലൈൻ ഒരുക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ചിപ്പിലിത്തോട്ടിൽ നിർവഹിച്ചു.

പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് നോർത്തിന്റെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിക്കുകയും തുടർ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് യൂജിൻ ജോൺസൺ പറഞ്ഞു.

ചുരത്തിലെ ഫോറസ്റ്റ് അതിർത്തിയിൽ ഫയർ ലൈൻ ഒരുക്കുന്നതിന് 2,900 തൊഴിൽദിനങ്ങൾ ഉൾപ്പെടുത്തി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. തീപിടിത്തം പടരുന്നത് നിയന്ത്രിക്കാനും വനമേഖലയെ സംരക്ഷിക്കാനും ഫയർ ലൈൻ പ്രവർത്തനം സഹായകമാകും.

ചുരം സംരക്ഷണം, ഫയർ ലൈൻ പ്രവർത്തിയുടെ ആവശ്യകതയും നേട്ടങ്ങളും, ചുരത്തിന്റെ സൗന്ദര്യവൽക്കരണം എന്നിവയെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി സംസാരിച്ചു. ചുരം സംരക്ഷണത്തിന്റെ പ്രാധാന്യവും മാലിന്യം വലിച്ചെറിയുന്നതുമൂലമുള്ള ദോഷങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വിശദീകരിച്ചു.

ജൈവവൈവിധ്യ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനായി സ്വീകരിക്കാവുന്ന വിവിധ മാർഗങ്ങളെക്കുറിച്ചും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ.പി. സംസാരിച്ചു. ഫോറസ്റ്റ് വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളും ചുരം സംരക്ഷണവും സംബന്ധിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേം ഷമീർ വിശദീകരിച്ചു.

പുതുപ്പാടി പഞ്ചായത്തുമായി സഹകരിച്ച് ചുരത്തിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി ബോർഡുകൾ സ്ഥാപിക്കുന്നതും മറ്റ് സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും റോട്ടറി ക്ലബ് കോഴിക്കോട് നോർത്ത് ധാരണയിലെത്തിയിട്ടുണ്ട്.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ, വാർഡ് അംഗങ്ങളായ ഷിഹാബ്, അഷ്റഫ്, സി.ഡി.എസ്. ചെയർപേഴ്സൺ സബിത, മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.കെ. ഹുസൈൻകുട്ടി, മേലേടത്ത് അബ്ദുറഹിമാൻ എന്നിവർ ആശംസകൾ നേർന്നു.

റോട്ടറി ക്ലബ് കോഴിക്കോട് നോർത്ത് പ്രോജക്ട് പ്രോഗ്രാം കോർഡിനേറ്റർ ജോണി ജോർജ് നന്ദി പറഞ്ഞു.

ജനപ്രതിനിധികൾ, ചുരം ബ്രിഗേഡ് പ്രവർത്തകർ, ഫോറസ്റ്റ്-വിബി ജി റാം ജി ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ചുരം സംരക്ഷണ സമിതി നേതാക്കൾ, റോട്ടറി ക്ലബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News