Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേങ്ങരയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമായി; 'വിദ്യ വേങ്ങര 360' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി

04 Nov 2026 07:46 IST

Jithu Vijay

Share News :

വേങ്ങര : മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രവും വിപ്ലവകരവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വിദ്യ വേങ്ങര 360' പദ്ധതിക്ക് തുടക്കമായി. പത്തുമൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച സ്ഥാപനമേധാവികളുടെ വിപുലമായ സംഗമത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നേരിട്ടെത്തി നിർദ്ദേശങ്ങൾ കേൾക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.


എൽ.പി. തലം മുതൽ കോളേജ് തലം വരെയുള്ള നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മേധാവികളും പ്രിൻസിപ്പൽമാരും സംഗമത്തിൽ അണിനിരന്നു. ഭാവിയിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും സ്കൂളുകളിൽ നടപ്പിലാക്കേണ്ട നവീന പദ്ധതികളെക്കുറിച്ചും 10 ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകർ വിശദമായ ചർച്ചകൾ നടത്തി. ഇപ്രകാരം രൂപീകരിച്ച നിർദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തിൽ മന്ത്രിക്ക് കൈമാറി. തുടർന്ന് അധ്യാപകർ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടികളും നിർദ്ദേശങ്ങളും നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമാരായ കെ.എം. ഗഫൂർ, ടി.കെ. യൂനുസ് എന്നിവർ ചേർന്ന് യോഗത്തിൽ വിശദീകരിച്ചു.


ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. സുബൈർ മാസ്റ്റർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബിന്ദു,പി. കെ നൗഫൽ , എൻ. ഉബൈദ് മാസ്റ്റർ, പി.പി.ടി.എം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കുഞ്ഞിമുഹമ്മദ്, ഡോ. മുസ്തഫ, ഡോ. അബ്ദുൽ ബാരി, ഡോ. സക്കീർ ബഷീർ, ഡോ. അബ്ദുൽ ഗഫൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. പി.കെ. റഷീദ്, ഹാരിസ് മാളിയേക്കൽ, എം. ഫത്താഹ്, ഫസൽ മറ്റത്തൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News