Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 02:22 IST
Share News :
മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം അപ്ഹില്‍ ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മലപ്പുറം ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 'അറിവാണ് ലഹരി' ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജിതേഷ് ജി. അനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് സാദത്ത് കാമ്പ്ര അധ്യക്ഷത വഹിച്ചു.
വിദ്യാര്‍ഥികളെ ലഹരിവസ്തുക്കളില്‍ നിന്ന് അകറ്റി അറിവിന്റെ ലോകത്തേക്ക് നയിക്കുക, പൊതുവിജ്ഞാനവും ചിന്താശേഷിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് 80 ടീമുകളിലായി 160 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുന്‍ വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ ക്വിസ് മാസ്റ്ററായിരുന്നു. മത്സരത്തില്‍ പോത്തുകല്‍ കാത്തലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം. ഫൗസിയ സഫര്‍, വി. എം. സുഫിയാന്‍, എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം (3,000 രൂപയും സര്‍ട്ടിഫിക്കറ്റും) നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. ചെട്ടിയാന്‍കിണര്‍ ജി.വി.എച്ച്.എസ്.എസിലെ ടി. ഫാത്തിമ റിന്‍ഷ, എം. കെ. ഫാത്തിമ തസ്നീം എന്നിവര്‍ രണ്ടാം സ്ഥാനവും (2,000 രൂപയും സര്‍ട്ടിഫിക്കറ്റും), കാവന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. ശിഖ, കെ. മുഹമ്മദ് ഷിഹാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും (1,000 രൂപയും സര്‍ട്ടിഫിക്കറ്റും) കരസ്ഥമാക്കി. വിജയികള്‍ക്ക് മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഇ.പി.സിബി സമ്മാനദാനം നിര്‍വ്വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.