Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവദിശ 2026: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന്റെ ബിസിനസ് എക്സലൻസ് മീറ്റ് ശ്രദ്ധേയമായി

15 Sep 2026 17:43 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് സംഘടിപ്പിച്ച ‘നവദിശ 2026 – ബിസിനസ് എക്സലൻസ് മീറ്റ്’ മസ്കറ്റിലെ ഷെറാട്ടൺ ഒമാൻ ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. കേരള യുവജന-കായിക വകുപ്പ് മന്ത്രിയും കൊടുങ്ങല്ലൂർ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വ. ഒ. ജെ. ജനീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

‘ആളുകളെയും ആശയങ്ങളെയും അവസരങ്ങളെയും ബന്ധിപ്പിക്കുക’ എന്ന ആശയത്തെ മുൻനിർത്തിയാണ് നവദിശ 2026 സംഘടിപ്പിച്ചത്. ഒമാനിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സംരംഭകരെയും വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖരെയും ഒരേ വേദിയിൽ അണിനിരത്തിയ പരിപാടിയിൽ മികച്ച സംരംഭകരെ ആദരിച്ചു.

സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, പുതിയ ആശയങ്ങളും അവസരങ്ങളും പങ്കുവെക്കുക, വിജയകരമായ സംരംഭക യാത്രകളെ അംഗീകരിക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ സ്വാഗതം പറഞ്ഞു. നവദിശ പുരസ്കാരങ്ങൾ നൽകുന്നതിനുള്ള വേദി മാത്രമല്ലെന്നും മികവിനെയും അധ്വാനത്തെയും വിജയത്തെയും അംഗീകരിക്കുന്ന വേദിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിൽ തൃശ്ശൂർ അസോസിയേഷൻ മസ്കറ്റിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അസോസിയേഷൻ പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. വിജയിച്ചവരെ ആദരിക്കുന്നതിനൊപ്പം പുതുതായി സംരംഭക രംഗത്തേക്ക് കടന്നുവരുന്നവർക്ക് പ്രചോദനവും അവസരങ്ങളും നൽകുന്ന വേദിയായി നവദിശ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു സംരംഭകന്റെ വിജയം സ്വന്തം സ്ഥാപനത്തിന്റെ വളർച്ചയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നതിനും സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയ്ക്ക് കരുത്തേകുന്നതിനും സംരംഭകർക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് പ്രവാസി സംരംഭകരുടെ സംഭാവനകളെ അഭിനന്ദിച്ചു. കേരളത്തിന്റെയും ഗൾഫ് രാജ്യങ്ങളുടെയും സാമ്പത്തിക-സാമൂഹിക വളർച്ചയിൽ പ്രവാസി സമൂഹം വഹിക്കുന്ന നിർണായക പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. കായിക മേഖലയിലെ ബിസിനസ് സാധ്യതകൾ, യുവ സംരംഭകത്വം, പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലും മന്ത്രി ആശയങ്ങൾ പങ്കുവെച്ചു.

സംരംഭകരെ ആദരിച്ചു

നവദിശ 2026 ബിസിനസ് മികവ് പുരസ്കാരങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഷൈസൽ യൂസഫ് – വോൾട്ടോവ, ഫൗഷിത ഇ.ബി. – ഇ.എം. ബദറുദ്ദീൻ ആൻഡ് പാർട്ണേഴ്സ് എൽ.എൽ.സി., ജഗജിത് പ്രഭാകരൻ – കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, അനിൽ കുമാർ ഭാസ്കരൻ – അൽ അൻസാബ് മോഡേൺ ബേക്കറി, ലിജു ജോസഫ്, നിഷാദ് ഷജീൻ – അൽ മദാ സ്റ്റീൽ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് കമ്പനി എൽ.എൽ.സി., അഹമ്മദ് കെ. മുഹമ്മദ് – സ്റ്റെർലിങ് ഇന്റർനാഷണൽ, നജീബ് സി.പി. – അൽ ഫിദാൻ ഇന്റർനാഷണൽ, ജോസഫ് സാമുവൽ – ടോട്ടൽ എൻജിനീയറിങ് സൊല്യൂഷൻസ് എന്നിവരെ ആദരിച്ചു.

പ്രവാസി സമൂഹത്തിനായി 45 വർഷത്തിലേറെയായി നടത്തിയ സമർപ്പിത സേവനങ്ങളും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ച് ഇ.എം. ആൻഡ് പാർട്ണേഴ്സ് ഉടമ ഇ.എം. ബദറുദ്ദീനെ പ്രത്യേകമായി ആദരിച്ചു.

വ്യവസായ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും അദ്ദേഹം നൽകിയ സംഭാവനകൾ ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു. നാല്‍പ്പത്തിയഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിനിടെ വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് നൽകിയ നേതൃത്വവും പിന്തുണയും സമൂഹത്തിന് മാതൃകയാണെന്ന് സംഘാടകർ പറഞ്ഞു.

അസോസിയേഷൻ ട്രഷറർ മുഹമ്മദ് അലി, പരിപാടി കൺവീനർ ഷൈജു വേത്തോട്ടിൽ, കോ-കൺവീനർമാരായ ഡേവിസ് കൊള്ളന്നൂർ, ശ്യാം കോമത്ത്, ബിജു അമ്പാടി, ജിബു ഉസ്മാൻ, വിനോദ് ക്ലിന്റ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വനിതാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബബിത ശ്യാം, സജ്ന സക്കീർ, ഡോ. താര ജയശങ്കർ, നീതു ബിജു, അയന എന്നിവരും പരിപാടിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

ഒമാനിലെ ബിസിനസ്, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ സംഘടനാ പ്രതിനിധികൾ, സംരംഭകർ, മാധ്യമ പ്രവർത്തകർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

‘വിജയിച്ചവരെ ആദരിക്കാം, മുന്നേറുന്നവരെ പ്രോത്സാഹിപ്പിക്കാം, പുതിയ തലമുറയ്ക്ക് പ്രചോദനമാകാം’ എന്ന സന്ദേശമുയർത്തിയാണ് നവദിശ 2026 സംഘടിപ്പിച്ചത്.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കോ-കൺവീനർ ഡേവിസ് കൊള്ളന്നൂർ അസോസിയേഷന്റെ പേരിൽ നന്ദി അറിയിച്ചു. അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു

Follow us on :

More in Related News