Tue Dec 12, 2023 10:56 PM 1ST

Location  

Sign In

25 വർഷം പിന്നിട്ടിട്ടും കേരളത്തെ വേട്ടയാടുന്ന ഓർമ്മ ; കടലുണ്ടി ട്രെയിൻ ദുരന്തത്തിന് കാൽനൂറ്റാണ്ട്

21 Jun 2026 21:45 IST

Jithu Vijay

Share News :

കടലുണ്ടി : പെരുമണിനുശേഷം കേരളം കണ്ട ഏറ്റവുംവലിയ തീവണ്ടിദുരന്തത്തിന് കാൽനൂറ്റാണ്ട് തികയുന്നു.

കോരിചൊരിയുന്ന മഴയത്ത് 2001 ജൂണ്‍ 22 വൈകുന്നേരം അഞ്ചരക്കുശേഷമായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ വെച്ച് മംഗലാപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന മദ്രാസ് മെയിൽ (6602) ആണ് അപകടത്തിൽപെട്ടത്.


കടലുണ്ടിപ്പാലം കടന്ന ഉടനെ ഗർഡറുകൾ തകർന്ന് മുന്നിലെ 12 ബോഗികൾക്ക് ശേഷമുള്ള ആറു ബോഗികൾ പുഴയിലേക്കു വീഴുകയായിരുന്നു. അതിൽ രണ്ടെണ്ണം മണൽത്തിട്ടയിൽ തങ്ങിനിന്നു. വേലിയിറക്കം കാരണം പുഴയിൽ വെള്ളം നന്നായി കുറഞ്ഞതാണ് മരണനിരക്ക് കുറച്ചത്. 52 പേർ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു. മുന്നൂറിലധികം പേർക്ക് പരിക്കേറ്റു. പരിക്കിന്റെ ആഘാതവുമായി കുറച്ചുകാലംകൂടി ജീവിച്ചശേഷം ചിലർ മരണത്തിന് കീഴടങ്ങി.


ദുരന്തവിവരം അറിഞ്ഞ് നാട്ടുകാരും, മണൽത്തൊഴിലാളികളും, മീൻപിടിത്തക്കാരുമെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ബേപ്പൂരിൽനിന്ന് ഖലാസികളുമെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ ശക്തമായ മഴപെയ്തു. കമ്പിപ്പാരയും മറ്റുമുപയോഗിച്ച് അഴികൾ അടിച്ചുപൊട്ടിച്ചു. പിന്നെ ഗ്യാസ്‌കട്ടറുകൾ ഉപയോഗിച്ച് മുറിച്ചു. ബോഗികൾക്കുള്ളിൽനിന്ന് രക്ഷകരെത്തേടി കരച്ചിലും കൈകളുമുയരുന്നുണ്ടായിരുന്നു. പരമാവധി പേരെ രക്ഷിക്കാനായി. രക്ഷപ്പെട്ടവർ മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചു. എന്നിട്ടും ആദ്യദിവസംതന്നെ 43 പേർ മരിച്ചു. പലരും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയിരുന്നു.


പരപ്പനങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും കോഴിക്കോട്ടെയും ആശുപത്രികൾ നിറഞ്ഞു. മോർച്ചറികളിൽ സ്ഥലമില്ലാതായി. ആരോഗ്യപ്രവർത്തകർ പരക്കംപാഞ്ഞു. റോഡുകളിൽ ആംബുലൻസുകളും മറ്റ് വാഹനങ്ങളും പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് കുതിച്ചു. ഉറ്റവരെ തിരിച്ചറിയാനെത്തിയ ബന്ധുക്കളുടെ അലമുറകൾ ആശുപത്രിവരാന്തകളിലുയർന്നു.


അടുത്തദിവസവും കടലുണ്ടിപ്പുഴയിൽ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു. ആരുടേതെന്നറിയാത്ത ശരീരഭാഗങ്ങൾ അങ്ങിങ്ങായി പുഴയിൽ പൊങ്ങി. അവ പലയിടങ്ങളിലായി ഒഴുകിനടന്നു.

കാണാതായ ചിലരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.അപകടത്തിന്റെ കാരണം അന്വേഷിച്ച കമ്മിഷൻ ചില നിഗമനങ്ങൾ നടത്തി കൃതാർത്ഥരായി.


കാലം ഏറെ പോയാലും ദുരന്തസ്മരണ ഒരിക്കലും മറക്കില്ലെന്ന ഓര്‍മ്മപെടുത്തലുമായി വീണ്ടും ജൂണ്‍ 22.






Follow us on :

More in Related News