Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരുവുകച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യം; കാലിക്കറ്റ് കാർണിവെൽ നവംബർ 21 മുതൽ

17 Nov 2026 14:18 IST

NewsDelivery

Share News :

കോഴിക്കോട്: തെരുവുകച്ചവടക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഉപജീവന സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വ്യാപാര-ഭക്ഷ്യമേളയായ കാലിക്കറ്റ് കാർണിവെൽ നവംബർ 21 മുതൽ 25 വരെ നടക്കുമെന്ന് മേയർ ഒ സദാശിവൻ പറഞ്ഞു.. കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിലാണ് മേള സംഘടിപ്പിക്കുന്നത്.

തെരുവുകച്ചവടക്കാർക്കും കുടുംബശ്രീ ചെറുകിട സംരംഭകർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം നടത്താനും കൂടുതൽ അവസരമൊരുക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ പി.എം. സ്വനിധി പദ്ധതിയുടെ ഭാഗമായി തെരുവുകച്ചവടക്കാരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി കോർപ്പറേഷൻ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് മേള സംഘടിപ്പിക്കുന്നത്.

തെരുവുകച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനൊപ്പം അവരുടെ സംരംഭകത്വ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സ്ഥിരമായ വരുമാനസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കുന്നു. കേവലം വിപണന പരിപാടി എന്നതിലുപരി തെരുവുകച്ചവടക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിൽ അവരെ പങ്കാളികളാക്കുന്നതിനുമുള്ള വേദിയായാണ് കാലിക്കറ്റ് കാർണിവെൽ വിഭാവനം ചെയ്യുന്നത്.

വിപണനമേളയ്ക്കൊപ്പം ഭക്ഷ്യമേളയും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.

തെരുവുകച്ചവടക്കാരുടെയും ചെറുകിട വ്യാപാരികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോർപ്പറേഷൻ അറിയിച്ചു.

നവംബർ 21ന് വൈകിട്ട് 4ന് കല്ലുത്താൻകടവിലെ ന്യൂ പാളയം മാർക്കറ്റിൽ നടക്കുന്ന ചടങ്ങിൽ മേയർ മേള ഉദ്ഘാടനം ചെയ്യും.

Follow us on :

More in Related News