Tue Dec 12, 2023 10:56 PM 1ST

Sign In

വൈറ്റ് റോസ് നഴ്സറി ഒമാൻ ദേശീയദിനാഘോഷം വർണ്ണാഭമായി ആഘോഷിച്ചു

25 Nov 2026 15:31 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാന്റെ ദേശീയദിനത്തോടനുബന്ധിച്ച് വൈറ്റ് റോസ് നഴ്സറിയുടെ ആഭിമുഖ്യത്തിൽ ദേശീയദിനാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു. ദേശീയ പതാകകളും ഒമാനെ പ്രതിനിധീകരിക്കുന്ന വിവിധ നിറങ്ങളും കൊണ്ട് അലങ്കരിച്ച നഴ്സറി ഹാളിൽ തനത് ഒമാനി വേഷവിധാനങ്ങളണിഞ്ഞാണ് കുട്ടികൾ ആഘോഷപരിപാടികളിൽ പങ്കെടുത്തത്.

സ്വന്തം രാജ്യത്തെന്ന പോലെ ഒമാനിലും ജീവിക്കാൻ കഴിയുന്നതിന് രാജ്യത്തെ ഭരണാധികാരികളോട് എന്നും നന്ദിയുള്ളവരായിരിക്കണമെന്ന് നഴ്സറി ഡയറക്ടർ മറിയാമ്മ തോമസ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഒമാനി സഹോദരന്മാരോട് തിരിച്ചും സ്നേഹവും ആദരവും പുലർത്തണം. രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പ്രാർത്ഥിക്കുകയും ഭാവിയിൽ അതിനായി പ്രവർത്തിക്കുകയും ചെയ്യണമെന്നും അവർ കുട്ടികളെ ഓർമിപ്പിച്ചു.

ഒമാന്റെ സമ്പന്നമായ പാരമ്പര്യം, സാംസ്കാരിക പൈതൃകം, ശോഭനമായ ഭാവിക്കായി രാജ്യം നടത്തുന്ന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അവർ വിശദീകരിച്ചു.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ ഒമാനി നൃത്തങ്ങളും രാജ്യത്തിന്റെ മഹത്വം, ഐക്യം, പൈതൃകം, എളിമ, സാഹോദര്യം എന്നിവ വിളിച്ചോതുന്ന സംഘഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും തികച്ചും ഉത്സവാന്തരീക്ഷത്തിലാണ് പരിപാടികൾ സമാപിച്ചത്.

അധ്യാപികമാരായ ഷാന, നീതു, ജിഷ എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകുകയും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

Follow us on :

More in Related News