Tue Dec 12, 2023 10:56 PM 1ST

Sign In

നയതന്ത്ര ചർച്ചകളുമായി വിദ്യാർത്ഥികൾ; മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് സംഘടിപ്പിച്ചു

25 Nov 2026 15:43 IST

ENLIGHT MEDIA PERAMBRA

Share News :

/കോഴിക്കോട് : വിർത്ഥികളിൽ നയതന്ത്ര പാടവവും അന്താരാഷ്ട്ര വിഷയങ്ങളിലുള്ള അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഇന്ത്യൻ യൂത്ത് അംബാസഡറും ബ്രിക്സ്, ജി20 ഉച്ചകോടി പ്രതിനിധിയും ഐക്യരാഷ്ട്രസഭയിലെ ഏഷ്യ-പസഫിക് യൂത്ത് പ്രതിനിധിയുമായ അമൽ മനോജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർപേഴ്സൺ അഫ്ന റഹ്മാൻ അധ്യക്ഷത വഹിച്ചു.


60 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 ഡെലിഗേറ്റുകൾ ഉൾപ്പെടെ 95 വിദ്യാർത്ഥികൾ പങ്കെടുത്ത കോൺഫറൻസിൽ യു.എൻ വിമൻ, യു.എൻ മനുഷ്യാവകാശ കൗൺസിൽ, യു.എൻ ജനറൽ അസംബ്ലി എന്നീ മൂന്ന് കമ്മിറ്റികളിലായി സമകാലിക ആഗോള വിഷയങ്ങൾ ചർച്ച ചെയ്തു. സ്ത്രീകളുടെ ഡിജിറ്റൽ പങ്കാളിത്തത്തിലൂടെ 2030-ഓടെ 1.5 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത യു.എൻ വിമൻ കമ്മിറ്റി, അടിസ്ഥാന സൗകര്യ വികസനത്തിനും മൈക്രോ ഫിനാൻസിനും ഊന്നൽ നൽകുന്ന പ്രമേയം 13 വോട്ടുകളോടെ പാസാക്കി.


നിർമ്മിത ബുദ്ധി കാലത്തെ വ്യക്തിഗത സ്വകാര്യത, മനുഷ്യാവകാശങ്ങൾ, ദേശീയ സുരക്ഷ എന്നിവയായിരുന്നു മനുഷ്യാവകാശ കൗൺസിലിലെ ചർച്ചാവിഷയങ്ങൾ. സുരക്ഷാ കൗൺസിലിലെ വീറ്റോ അധികാരവും ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണവും ജനറൽ അസംബ്ലി ചർച്ച ചെയ്തു. എന്നാൽ, ഈ രണ്ട് കമ്മിറ്റികളിലും അവതരിപ്പിച്ച കരട് പ്രമേയങ്ങൾ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ പരാജയപ്പെട്ടു. വിദ്യാർത്ഥികളുടെ ഗവേഷണശേഷി, പൊതുപ്രസംഗ മികവ്, വിമർശനാത്മക ചിന്ത എന്നിവ വികസിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.


ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡൈന കെ. ജോസഫ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ആർ. സാബിർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ. സൈനബ, ഡെപ്യൂട്ടി എച്ച്.എം എസ്.വി. ഷബാന, മാനേജിംഗ് കമ്മിറ്റി ട്രഷറർ ജാഫർ ബറാമി, പി.ടി.എ പ്രസിഡന്റ് സി.കെ. സാജിദ് അലി, പ്രോഗ്രാം കോർഡിനേറ്റർമാരായ എം.കെ. ഫൈസൽ, ഫഹീമ ആലിയ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. നൂഹ്, മറിയംബി, എം.യു.എൻ പ്രതിനിധി ആലിയ ഹിബ, ആയിശ അദ്ര, പി. റാബിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News