Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൗമാരക്കാരിലെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ ബോധവൽക്കരണവുമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ

04 Nov 2026 07:02 IST

Jithu Vijay

Share News :

കോട്ടക്കൽ : കൗമാരപ്രായക്കാർക്കിടയിൽ വർധിച്ചുവരുന്ന നിയമവിരുദ്ധവും അപകടകരവുമായ വാഹനമോടിക്കൽ പ്രവണതകൾക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


ദേശീയപാതയിൽ തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങളും പ്രായപൂർത്തിയാകാത്ത കുട്ടികൾ രക്ഷിതാക്കളുടെ വാഹനങ്ങളെടുത്ത് ഓടിക്കുന്നതുമൂലം സമീപകാലത്തുണ്ടായ അപകടങ്ങളും കണക്കിലെടുത്താണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.


സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിപിൻ ദാസ് പി., മുസ്തജാബ് ടി. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.


ലൈസൻസില്ലാതെയുള്ള വാഹനമോടിക്കൽ, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗതനിയമ ലംഘനങ്ങൾ എന്നിവ സൃഷ്ടിക്കുന്ന ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് വാഹനങ്ങൾ കൈമാറുന്നതിലെ നിയമപരമായ പ്രത്യാഘാതങ്ങളും രക്ഷിതാക്കളുടെ ഉത്തരവാദിത്തവും ബോധവൽക്കരണത്തിന്റെ ഭാഗമായി ചർച്ച ചെയ്തു.


പ്രഥമാധ്യാപിക പ്രീതി ശ്രീധരൻ അധ്യക്ഷത വഹിച്ചു. എസ്. ആർ. ജി കൺവീനർ ശിഹാബുദ്ദീൻ കാവപ്പുര സ്വാഗതവും കോഡിനേറ്റർ അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.

Follow us on :

More in Related News