Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്ലാമോഫോബിയയും പൗരോഹിത്യ ചൂഷണങ്ങളും ചെറുക്കണം: ഐ.എസ്.എം യൂത്ത് അലേര്‍ട്ട്

20 Sep 2026 19:44 IST

Regional Correspondent

Share News :

വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും 

യുവസംഗമം


കോഴിക്കോട്: മുസ്ലിം സമൂഹത്തെയും ഇസ്ലാമിക പദാവലികളെയും ബോധപൂര്‍വം പരിഹസിക്കുന്ന ചില മുഖ്യധാരാ മാധ്യമ ഇടപെടലുകള്‍ക്കും വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ നിലപാടുകള്‍ക്കുമെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം യൂത്ത് അലേര്‍ട്ട്.

ഇസ്ലാമോഫോബിയയുടെ ഭാഗമായി കിതാബ്, സുന്നത്ത്, ഹറാം, ഔറത്ത് തുടങ്ങിയ ഇസ്ലാമിക സംജ്ഞകളെ വാര്‍ത്താചര്‍ച്ചകളില്‍ പരിഹാസത്തിന്റെയും അധിക്ഷേപത്തിന്റെയും ഉപകരണങ്ങളാക്കി മാറ്റുന്ന പ്രവണത വര്‍ധിച്ചുവരുന്നത് അപലപനീയമാണ്. വ്യാജവാര്‍ത്തകളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും പ്രധാന ഇരകളായി മുസ്ലിംകള്‍ മാറുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പൊതുസമൂഹവും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.

ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉത്തരവാദിത്തത്തോടെയും വസ്തുനിഷ്ഠമായും കൈകാര്യം ചെയ്യുന്ന മാധ്യമസംസ്‌കാരം ശക്തിപ്പെടേണ്ടതുണ്ട്. മാധ്യമ നൈതികത ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം വിവിധ മത-സാമൂഹിക വിഭാഗങ്ങളുടെ വിശ്വാസങ്ങളെയും സാംസ്‌കാരിക സംജ്ഞകളെയും അപമാനിക്കാത്ത സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണമെന്നും ഐ.എസ്.എം യൂത്ത് അലേര്‍ട്ട് ആവശ്യപ്പെട്ടു.

സമുദായത്തിനകത്തെ പൗരോഹിത്യ ചൂഷണങ്ങള്‍ക്കെതിരെയും സംഗമം ശക്തമായ വിമര്‍ശനം ഉന്നയിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാം ഉറപ്പുനല്‍കിയ ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന പൗരോഹിത്യ നിലപാടുകള്‍ തിരുത്തണം. മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനും വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളില്‍നിന്ന് പുരോഹിത നേതൃത്വങ്ങള്‍ പിന്മാറണമെന്നും സംഗമം ആവശ്യപ്പെട്ടു.


വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനായി മതപരമായ പ്രതീകങ്ങളെയും വസ്തുക്കളെയും ഉപയോഗിക്കുന്ന പ്രവണതകള്‍ക്കെതിരെയും ജാഗ്രത വേണം. പഴം, മുടി തുടങ്ങിയവ ഉപയോഗിച്ച് വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പ്രവണതകളെ അപലപിച്ച സംഗമം, ഇത്തരം രീതികള്‍ മതവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു.


ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ടി. അന്‍വര്‍ സാദത്ത് സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. സുഫ്‌യാന്‍ അബ്ദുസത്താര്‍ അധ്യക്ഷത വഹിച്ചു.


അദീബ് പൂനൂര്‍, സല്‍മ അന്‍വാരിയ, റിഹാസ് പുലാമന്തോള്‍, ഇബ്രാഹീം ബുസ്താനി, അബ്ദുല്‍ മജീദ് സുല്ലമി, ഡോ. അനസ് കടലുണ്ടി, ഡോ. റജുല്‍ ഷാനിസ്, ഷെരീഫ് കോട്ടക്കല്‍, ഡോ. യൂനുസ് ചെങ്ങര, നസീം മടവൂര്‍, ഡോ. ഷബീര്‍ ആലുക്കല്‍, റാഫി പേരാമ്പ്ര, ഷാനവാസ് ചാലിയം, ഫാദില്‍ റഹ്മാന്‍ കെവി, നവാസ് അന്‍വാരി, ടി.കെ.എന്‍. ഹാരിസ് സംസാരിച്ചു.

Follow us on :

More in Related News