Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 02:36 IST
Share News :
ദോഹ: വിദേശ ഇന്ത്യക്കാർക്ക് ബാധകമായ പാസ്പോർട്ട് ഫീസ് വർധനവ് പുനഃപരിശോധിച്ച് പ്രവാസികൾക്ക് സാമ്പത്തിക ആശ്വാസം നൽകണമെന്നും, കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കുന്ന 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി രംഗത്ത്. ഇരു ആവശ്യങ്ങളും ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ഖത്തറിലെ ഇന്ത്യൻ അംബാസഡർക്കും കേരളത്തിൽ നിന്നുള്ള മുഴുവൻ പാർലമെന്റ് അംഗങ്ങൾക്കും നിവേദനം സമർപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പാസ്പോർട്ട് ഫീസ് വർധനവ് സാധാരണ തൊഴിലാളികൾക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ അപേക്ഷിക്കുന്നതിനേക്കാൾ പലമടങ്ങ് ഉയർന്ന നിരക്കാണ് വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ വഴി പാസ്പോർട്ട് സേവനങ്ങൾക്ക് ഈടാക്കുന്നത്. പാസ്പോർട്ട് ഒരു അടിസ്ഥാന സർക്കാർ സേവനമായതിനാൽ പ്രവാസികൾക്ക് മേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നിലവിലെ ഫീസ് ഘടന പുനഃപരിശോധിച്ച് നിരക്കുകൾ ഗണ്യമായി കുറയ്ക്കുകയോ വർധനവ് പിൻവലിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കുന്ന 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജിൽ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. വിദേശ രാജ്യങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ, പരിമിതമായ അവധിക്കാലം, അതത് രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടാ നിയന്ത്രണങ്ങൾ എന്നിവ കാരണം നിരവധി പ്രവാസികൾക്ക് ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ഇത്തരക്കാർക്ക് ഇന്ത്യ വഴിയുള്ള ഹ്രസ്വകാല ഹജ്ജ് പാക്കേജ് വലിയ ആശ്വാസമാകുമെന്നതിനാൽ ഈ പദ്ധതിയിൽ പ്രവാസികൾക്ക് അർഹമായ പരിഗണന ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികളുടെ സാമ്പത്തികവും മതപരവുമായ താൽപര്യങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂലവും മാനുഷികവുമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രവാസികളുടെ ആവശ്യങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അനുകൂലമായ നടപടികൾക്കായി ഇടപെടുന്നതിനുമാണ് നിവേദനങ്ങൾ സമർപ്പിക്കുന്നത്.
ഖത്തർ എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് എരിയാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു. അൻസാർ എരിയാൽ, ഹാരിസ് മാഹിൻ, നൗഷാദ് സിദ്ദക്കട്ട, അബ്ദുൽ സലാം കെ.എ, സിനാസ്, റഷീദ്, ഹനീഫ് സൂപ്പിക്കുട്ടി, ഷാഹിദത്ത് കുളങ്കര, റാഷിദ് കുളങ്കര, മുഹമ്മദ് ഷംഹൂദ്, ഷൻഫുദ്ദീൻ, മാഹിൻ ബ്ലാർകോഡ്, സഫ്വാൻ എരിയാൽ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.