Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'യുഎഇ മലയാളി അക്ഷര സംഗമം' നവംബര്‍ 8ന് ഷാര്‍ജ ബുക്‌ഫെയറില്‍

01 Nov 2026 09:48 IST

Regional Correspondent

Share News :

സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും


ഷാര്‍ജ: 45-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി 'യുഎഇ മലയാളി അക്ഷര സംഗമം' നവംബര്‍ 8ന് നടക്കും. വൈകിട്ട് മൂന്നിന് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ബാള്‍ റൂമില്‍ നടക്കുന്ന സംഗമത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുലൈമാന്‍ മേല്‍പ്പത്തൂര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തും. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറും.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വായനാസംസ്‌കാരത്തിന്റെയും പ്രചാരണത്തിന് പ്രാധാന്യം നല്‍കുന്ന സംഗമം പ്രവാസി മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയ്ക്കും ആശയവിനിമയത്തിനും വേദിയാകും.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവത ബുക്‌സാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാല്‍നൂറ്റാണ്ടിലേറെയായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സജീവ സാന്നിധ്യമായ യുവത ബുക്‌സ് മലയാള പുസ്തകങ്ങളുടെയും വായനാസംസ്‌കാരത്തിന്റെയും പ്രചാരണത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചുവരുന്നു. 

യുവത പുറത്തിറക്കുന്ന നിരവധി പുതിയ പുസ്തകങ്ങള്‍ ഇത്തവണ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യുമെന്ന് സി ഇ ഒ ഹാറൂന്‍ കക്കാട് അറിയിച്ചു. 

ഷാര്‍ജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസം നീളുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ലോകമൊട്ടുക്കുമുള്ള ആയിരക്കണക്കിന് പ്രസാധകരും എഴുത്തുകാരും വായനക്കാരും പങ്കെടുക്കും. നവംബര്‍ 4 മുതല്‍ 15 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകോത്സവം.

Follow us on :

More in Related News